ഈ വര്‍ഷവും യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് അമേരിക്കയില്‍ നിന്നുള്ള 9 വയസ്സുകാരന്‍ റയാന്‍ തന്നെ. ‘റയാന്‍സ് ടോയ്‌സ് റിവ്യൂ’ എന്ന യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ചിരപരിചിതനായ റയാന്‍ 29.5 ദശലക്ഷം യുഎസ് ഡോളറാണു (ഏകദേശം 217.14 കോടി രൂപ) ഈ വര്‍ഷം സമ്പാദിച്ചത്. ഫോര്‍ബ്‌സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാര്‍സ് 2020 പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്കയില്‍ നിന്നുള്ള ഈ കുട്ടി. 2020 ല്‍ റയാന്റെ ചാനല്‍ വ്യൂസ് 1220 കോടിയാണ്. സബ്‌സ്‌ക്രൈബേഴ്‌സ് 4.17 കോടിയും.
പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല. യുട്യൂബില്‍ ഇന്നു സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ‘അണ്‍ബോക്‌സിങ്’ വിഡിയോകളുടെ കുട്ടിപ്പതിപ്പ്. ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയില്‍ റയാന്‍ വിശദീകരിക്കും.
2015 ല്‍ റയാന്റെ മാതാപിതാക്കള്‍ ആരംഭിച്ച ‘റയന്‍സ് വേള്‍ഡ്’ എന്ന ചാനലിന് നാലു വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും ഇതിനകം 41.7 ദശലക്ഷം വരിക്കാരുണ്ട്. തുടക്കത്തില്‍ ‘റയാന്‍ ടോയ്‌സ് റിവ്യൂ’ എന്ന പേരിലെ ചാനലില്‍ കൂടുതലും ‘അണ്‍ബോക്‌സിംഗ്’ വിഡിയോകള്‍ ഉള്‍പ്പെട്ടിരുന്നു. കളിപ്പാട്ടങ്ങളുടെ ബോക്‌സുകള്‍ തുറക്കുകയും കളിക്കുകയും ചെയ്യുന്നതായിരുന്നു വിഡിയോകള്‍.
നിരവധി വിഡിയോകള്‍ 100 കോടിയിലധികം വ്യൂകള്‍ നേടിയിട്ടുണ്ട്. ചാനല്‍ ഉണ്ടാക്കിയതിനുശേഷം ഏകദേശം 4300 കോടി വ്യൂകള്‍ ലഭിച്ചുവെന്ന് അനലിറ്റിക്‌സ് വെബ്‌സൈറ്റ് സോഷ്യല്‍ ബ്ലേഡില്‍ നിന്നുള്ള ഡേറ്റ പറയുന്നു.
ഫോബ്‌സിന്റെ റാങ്കിങ്ങില്‍, ടെക്‌സാസില്‍ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ നടത്തുന്ന ‘ഡ്യൂഡ് പെര്‍ഫെക്റ്റ്’ ചാനലിനെ റയാന്‍ കാജി കഴിഞ്ഞ വര്‍ഷം തന്നെ മറികടന്നിരുന്നു. വരുമാനത്തില്‍ ഡ്യൂഡ് പെര്‍ഫെക്റ്റ് ആണ് മൂന്നാം സ്ഥാനത്താണ്. ഡ്യൂഡ് പെര്‍ഫെക്റ്റിന്റെ 2020 ലെ വരുമാനം 23 ദശലക്ഷം ഡോളറാണ്. രണ്ടാം സ്ഥാനത്ത് മിസ്റ്റര്‍ ബീസ്റ്റ് (ജിമ്മി ഡൊണാള്‍ഡ്‌സണ്‍) ചാനലാണ്, വരുമാനം 24 ദശലക്ഷം ഡോളര്‍.