X

ലോക ഫുട്‌ബോളര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്;റയല്‍ നടുക്കടലില്‍

മാഡ്രിഡ്: ഇത് വായിച്ചിട്ട് ഞെട്ടരുത്…! സ്പാനിഷ് ലാലീഗയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ പുതിയ സീസണില്‍ കളിച്ചത് ഒമ്പത് മല്‍സരങ്ങള്‍. നേടിയത് ഒരേ ഒരു ഗോള്‍…! നാല്‍പ്പത് തവണ അദ്ദേഹം ഗോളിലേക്ക് ലക്ഷ്യമിട്ട് പന്ത് പായിച്ചു. പക്ഷേ പല ഷോട്ടുകളും ദുര്‍ബലമായിരുന്നു. പല ഷോട്ടുകളും പുറത്തേക്കായിരുന്നു….

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്…? ചോദ്യം ഉന്നയിക്കുന്നത് റയല്‍ മാഡ്രിഡ് ആരാധകര്‍ മാത്രമല്ല-ഫുട്‌ബോള്‍ ലോകമാണ്. ലാലീഗ പുരോഗമിക്കുമ്പോള്‍ റയല്‍ മാഡ്രിഡ് വളരെ പിറകിലാണ്. ദുര്‍ബലരായ ജിനോവക്കെതിരെ പോലും ജയിക്കാന്‍ കഴിയാത്ത ദുരവസ്ഥ.

ചോദ്യങ്ങളെല്ലാം രണ്ട് പേര്‍ക്ക്് നേരെയാണ്-ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാനോടും ടീമിന്റെ സൂപ്പര്‍ താരം കൃസ്റ്റിയാനോയോടും. നിലവില്‍ ലാലീഗ ചാമ്പ്യന്മാരാണ് റയല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ്. ഈ രണ്ട് പേരുമാണ് ടീമിന് കിരീടം സമ്മാനിച്ചത്. ഇതേ രണ്ട് പേരുമാണ് ഫിഫയുടെ കിരീടങ്ങള്‍ സ്വന്തമാക്കിയതും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടീമിന്റെ ഏറ്റവും ദയനീയമായ പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്. ബദ്ധ ശത്രുക്കളായ ബാര്‍സിലോണക്കാര്‍ കറ്റാലിയന്‍ പ്രശ്‌നത്തിലും സുഖസുന്ദരാമായ് കളിക്കുന്നത്. പത്ത് മല്‍സരങ്ങളില്‍ ഒമ്പതിലും വന്‍ വിജയം. സൂപ്പര്‍ താരം മെസിയാവട്ടെ ഗോള്‍ വേട്ടയുമായി മുന്നേറുന്നു. 2012-13 സീസണില്‍ റയലിന് കിരീടങ്ങളൊന്നും ലഭിച്ചിരുന്നില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് ഹൗസോ മോറിഞ്ഞോ എന്ന പരിശീലകന്റെ തൊപ്പിയും തെറിച്ചിരുന്നു. ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ടോട്ടനവുമായി കളിക്കുകയാണ്. ലോക പ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തിലാണ് ആ മല്‍സരം. സമ്മര്‍ദ്ദത്തിന്റെ മുള്‍ മുനയില്‍ നില്‍ക്കുന്ന ടീമിന് വിജയം നിര്‍ബന്ധമാണ്. ഇരുവരും ആദ്യപാദ മല്‍സരത്തില്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 ലായിരുന്നു.

സൂപ്പര്‍ താരങ്ങളുടെ സംഘമാണ് റയല്‍.. കൃസ്റ്റിയാനോ മാത്രമല്ല നിറം മങ്ങുന്നത്. മാര്‍സിലോ, ബെന്‍സേമ,. ഇസ്‌ക്കോ, കാര്‍വജാല്‍, കൈലര്‍ നവാസ് തുടങ്ങിയവരെല്ലാം നിറം മങ്ങി നില്‍ക്കുമ്പോള്‍ സിദാന് മറുപടി നല്‍കാനാവുന്നില്ല. തോല്‍വികളുടെ പേരില്‍ സ്വന്തം താരങ്ങള്‍ പഴി പറയാന്‍ അദ്ദേഹം ഒരുക്കമല്ല. ജെറാത്ത് ബെയില്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പരുക്കും ടീമിന് തലവേദനയാണ്.
ടീമിന്റെ തുടക്കം മോശമാണെന്ന പക്ഷത്താണ് സിദാനും. പക്ഷേ ഇത് ഏത് ടീമുകള്‍ക്കും സംഭവിക്കുന്നതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലാണ് ടീമിന്റെ പരാജയം. അടുത്ത മല്‍സരങ്ങളില്‍ ടീം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നാണ് കോച്ച് പ്രതീക്ഷിക്കുന്നത്. അതേ സമയം തന്റെ ഫോമിനെക്കുറിച്ച് കൃസ്റ്റിയാനോ ഒന്നും പറഞ്ഞില്ല. ഗോളടിച്ച് തിരിച്ചുവരവ് ആഘോഷിക്കാനാണ് പോര്‍ച്ചുഗല്‍ നായകന്റെ തീരുമാനം.

വംബ്ലിയില്‍ ഇന്ന് നിര്‍ണായകം

സമ്മര്‍ദ്ദങ്ങളുടെ മൈതാനത്ത് ഇത്ര നേരത്തെ തന്നെ റയല്‍ മാഡ്രിഡ് അകപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. സീസണിന്റെ തുടക്കത്തില്‍ തന്നെ തോല്‍വി മുഖത്ത് അകപ്പെട്ട സൈനുദ്ദീന്‍ സിദാന്റെ സൂപ്പര്‍ സംഘം ഇന്ന് വെംബ്ലിയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ടോട്ടനത്തെ നേരിടുന്നത് വിജയമെന്ന ഒരൊറ്റ മുദ്രാവാക്യത്തില്‍ വിശ്വാസമര്‍പ്പിച്ച്. മാഡ്രിഡില്‍ നിന്നും സന്തോഷവാന്മാരായാണ് റയല്‍ സംഘം ഇന്നലെ ലണ്ടനിലെത്തിയത്. വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതാദ്യമായാണ് റയല്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വിഖ്യാതമായ മൈതാനത്ത് കളിക്കുന്നത്. ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന പോരാട്ടത്തിന്റെ എല്ലാ ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്‍ എല്ലാ ടീമുകളും മൂന്ന് മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ടോട്ടനവും റയലും ഏഴ് വീതം പോയന്റ് നേടിയിട്ടുണ്ട്. ഗോള്‍ ശരാശരിയില്‍ ടോട്ടനത്തിനാണ് ഒന്നാം സ്ഥാനം.

chandrika: