X

റൗള ശരീഫ് പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി

മസ്ജിദുന്നബവിയ്യിലെ പരിശുദ്ധ റൗളാ ശരീഫ് പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി കര്‍ശന നിയന്ത്രണത്തിലാക്കി. ഈ ഹജ്ജ് സീസണ്‍ തുടക്കം മുതല്‍ റൗള പ്രവേശനത്തിന് ഓണ്‍ലൈന്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് ഇത് പൂര്‍ണമായും ഡിജിറ്റല്‍ നിയന്ത്രണത്തിലാക്കിയത്. ഇതനുസരിച്ച് റൗള ശരീഫില്‍ കയറുന്നതിന് പ്രത്യേക ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ മുന്‍കൂര്‍ അനുമതി വാങ്ങണം.

ഭൂമിയിലെ സ്വര്‍ഗം എന്ന് തിരുനബി വിശേഷിപ്പിച്ച റൗള ശരീഫില്‍ പ്രവേശിക്കുന്നതിന് വന്‍ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ഒരിക്കല്‍ റൗളയില്‍ പ്രവേശിച്ചയാള്‍ക്ക് 30 ദിവസത്തിനകം വീണ്ടും പ്രവേശനം അനുവദിക്കില്ല. മദീനയിലെ മസ്ജിദുന്നബവിയില്‍എത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും റൗള ശരീഫില്‍ പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡിജിറ്റല്‍ നിയന്ത്രണങ്ങളെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. മുഴുവന്‍ സന്ദര്‍ശകര്‍ക്കും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പരിശുദ്ധ ഹജ്ജിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലെ പോലെ മദീനയിലും തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ മേഖലകളിലും ഡിജിറ്റല്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ശക്തമാണ്.

അതേസമയം, രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പരിശുദ്ധ ഹജ്ജ് കര്‍മത്തിന് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ അറഫയിലും മിനായിലും മുസ്ദലിഫയിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന ഈ കേന്ദ്രങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും നാമമാത്ര ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണ 15 ലക്ഷത്തോളം ഹാജിമാര്‍ സംഗമിക്കുന്ന സാഹചര്യത്തിലാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളെല്ലാം വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നത്.

ഹജ്ജിനെത്തുന്ന മുഴുവന്‍ പേരും ഒരേ സമയം സംഗമിക്കുന്ന അറഫയില്‍ ആണ് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നത്. മിനായില്‍ തമ്പുകളുടെ അറ്റകുറ്റപ്പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ഇന്ത്യയില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴിയുള്ള മുഴുവന്‍ തീര്‍ഥാടകരും കഴിഞ്ഞ ദിവസങ്ങളില്‍ മക്കയിലും മദീനയിലുമായെത്തി. കേരളത്തില്‍ നിന്നടക്കം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയെത്തുന്ന ഏതാനും തീര്‍ഥാടകര്‍ മാത്രമാണ് ഇനി എത്തിച്ചേരാനുള്ളത്. ജൂലൈ എട്ടിനാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഇന്നലെ മക്കയിലെത്തി. ഇത്തവണ പത്തുലക്ഷം പേര്‍ക്കാണ് ഹജ്ജിന് അനുമതിയുള്ളതെങ്കിലും 15 ലക്ഷത്തോളം പേര്‍ തീര്‍ഥാടനത്തിനെത്തുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

Chandrika Web: