X

ബാറ്റിങില്‍ സച്ചിനും വേണമെന്ന് കോച്ച് രവിശാസ്ത്രി

മുംബൈ: സഹീര്‍ ഖാനെയും, രാഹുല്‍ ദ്രാവിഡിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്, ബാറ്റിങ് ഉപദേശകരായി നിയമിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമിന്റെ ഉപദേശകനായി ലഭിക്കണമെന്ന ആവശ്യവുമായി പരിശീലകന്‍ രവിശാസ്ത്രി രംഗത്ത്. വിദേശ പര്യടനങ്ങളില്‍ ഉപദേശക സ്ഥാനത്ത് സച്ചിനെ വേണമെന്ന ആഗ്രഹമാണ് ശാസ്ത്രി മുന്നോട്ട് വെച്ചിട്ടുള്ളത്. ഉപദേശകരുടെ കാര്യത്തില്‍ ശാസ്ത്രിയാണ് തീരുമാനം കൈകൊള്ളേണ്ടതെന്ന നിലപാടാണ് ബിസിസിഐക്കും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിക്കുമുള്ളത്. ടീമുമായും നായകനുമായും ചര്‍ച്ച ചെയ്ത് ആവശ്യമുള്ള അവസരങ്ങളില്‍ ഉപദേശകരുടെ സേവനം വിനിയോഗിക്കുന്നതില്‍ ശാസ്ത്രിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലകനും ബൗളിങ്. ബാറ്റിങ്, ഫീല്‍ഡിങ് പരിശീലകരുമാകും അനുഗമിക്കുകയെന്ന് ബിസിസിഐ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രിയെ പരിശീലകനാക്കുന്നതിനോട് വലിയ താല്‍പര്യം കാണിക്കാതിരുന്ന ഗാംഗുലിയെ സച്ചിനാണ് അനുനയിപ്പിച്ചതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. സഹീറിനെ തള്ളി തന്റെ അടുത്ത സുഹൃത്തായ ഭരത് അരുണിനെ ബൗളിങ് കോച്ചായും ബാറ്റിങ് കോച്ചായി സഞ്ജയ് ബംഗാറിനേയും കഴിഞ്ഞ ദിവസം ശാസ്ത്രിയുടെ നിര്‍ദേശപ്രകാരം നിയമിച്ചിരുന്നു.

chandrika: