മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പകോച്ചായി രവിശാസ്ത്രിയെ തെരഞ്ഞെടുത്തു. സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് ശാസ്ത്രിയുടെ പേരിന് അന്തിമ അംഗീകാരം നല്‍കിയത്. രവിശാസ്ത്രിക്കു പുറമെ വീരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രാജ്പുത് എന്നിവരും പരിശീലക സ്ഥാനത്തിനായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു.
രണ്ടു വര്‍ഷത്തേക്കാണ് ബി.സി.സി.ഐ രവി ശാസ്ത്രിയെ ചുമതലപ്പെടുത്തുന്നത്. 2019-ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് വരെ അദ്ദേഹം ടീമിനെ പരിശീലിപ്പിക്കും. ക്യാപ്ടന്‍ വിരാട് കോഹ്ലിയും സൗരവ് ഗാംഗുലിയും സെവാഗിന് അനുകൂലമായി നിലപാടെടുത്തെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ച പരിചയവും സീനിയോറിറ്റിയും ശാസ്ത്രിക്ക് അനുകൂലമാവുകയായിരുന്നു. ബി.സി.സി.ഐ ഭരണസമിതിയുടെ പിന്തുണയും രവി ശാസ്ത്രിക്കായിരുന്നു എന്നാണ് സൂചന.
ക്യാപ്ടന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവെച്ച ഒഴിവിലാണ് രവിശാസ്ത്രി നിയമിതനാവുന്നത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയോടെ കാലാവധി അവസാനിച്ച കുംബ്ലെയോട് വിന്‍ഡീസ് പര്യടനത്തിലും തുടരാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും വെറ്ററന്‍ താരം രാജി വെക്കുകയായിരുന്നു.