X

കപ്പില്ലാത്ത എച്ച്.എം

ദുബായ്: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് ഇനി രവിശാസ്ത്രിയില്ല. ഇന്നലെ നമീബിയക്കെതിരായ ലോകകപ്പ് പോരാട്ടത്തോടെ അദ്ദേഹം നാല് വര്‍ഷത്തെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി രാഹുല്‍ ദ്രാവിഡിന്റെ ഊഴമാവുമ്പോള്‍ രവിശാസ്ത്രി എന്ന ഇതിഹാസത്തിന്റെ പരിശീലക നഷ്ടമാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

നാല് വര്‍ഷ കാലയളവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ടീം കരുത്തരായി. പരസ്പര പരമ്പരകളില്‍ മികവ് കാട്ടി. പക്ഷേ ഐ.സി.സിയുടെ ഒരു കിരീടം പോലും നേടാന്‍ അദ്ദേഹത്തിനോ നായകന്‍ വിരാത് കോലിക്കോ കഴിഞ്ഞില്ല എന്നതാണ് വലിയ നിരാശ. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ടീം സെമി ഫൈനല്‍ വരെയെത്തി. പക്ഷേ അവിടെ ന്യൂസിലന്‍ഡിന് മുന്നില്‍ തകര്‍ന്നു പോയി. ഈ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിച്ചു. അവിടെയും ന്യൂസിലന്‍ഡ് വില്ലന്മാരായി. ഇപ്പോള്‍ ടി-20 ലോകകപ്പിലും ന്യൂസിലന്‍ഡ് തന്നെ വില്ലന്മാരായ കാഴ്ച്ചയിലാണ് ശാസ്ത്രി മടങ്ങുന്നത്. വിരാത് കോലിയും അനില്‍ കുംബ്ലെ എന്ന പരിശീലകനും തമ്മിലുള്ള അങ്കത്തിന് ശേഷമായിരുന്നു രവിശാസ്ത്രി പരിശീലകനായത്.

കോലിക്ക് പ്രിയപ്പെട്ട കോച്ചായി വളരെ പെട്ടെന്ന് അദ്ദേഹം മാറി. ടീമില്‍ അദ്ദേഹം പിടിമുറുക്കി. കോലിയെ ചോദ്യം ചെയ്യാന്‍ പോയില്ല. പിന്നീട് കോലിയും രോഹിത് ശര്‍മയും തമ്മിലുള്ള കെമിസ്ട്രിയില്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ മധ്യസ്ഥനായി. സീനിയേഴ്‌സിനും ജൂനിയേഴ്‌സിനും അദ്ദേഹം പ്രിയപ്പെട്ട ഹെഡ് മാസ്റ്ററായി. അപ്പോഴും വലിയ വേദികളിലെ പരാജയം അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിനെ ചോദ്യം ചെയ്യുന്ന തരത്തിലായി. കോലിയുടെ പിന്തുണയിലാണ് അദ്ദേഹം കോച്ചായി തുടര്‍ന്നത്. 2013 ലായിരുന്നു ഇന്ത്യ അവസാനമായി ഒരു ഐ.സി.സി കിരീടം നേടിയത്. എം.എസ് ധോണി നയിച്ച ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടി. അതിന് ശേഷം മികവില്‍ മികച്ച താരങ്ങളുണ്ടായിട്ടും ടീം കിരീട വഴിയില്‍ ഒറ്റപ്പെട്ടു. ഇത്തവണ ടി-20 ലോകകപ്പിന് എല്ലാവരും സാധ്യത കല്‍പ്പിച്ച ടീമായിരുന്നു ഇന്ത്യ. പക്ഷേ ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായി ഒരു മേജര്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി കാണാനാവാതെ ഇന്ത്യ മടങ്ങുമ്പോള്‍ അത് ശാസ്ത്രിയുടെ കരിയറിലെ കറുത്ത അധ്യായമാവുകയാണ്. ഫൈനല്‍ പ്രാപ്തരായി ടീമിനെ മാറ്റുമ്പോഴും കിരീടം നേടാനാവാത്തതിലെ നിരാശ അദ്ദേഹം പങ്ക് വെക്കുന്നു. കപ്പില്ലാത്ത ഹെഡ്മാസ്റ്ററായി (എച്ച്.എം) അദ്ദേഹം പടിയിറങ്ങുന്നു.

 

 

 

Test User: