X

കോച്ച് നിയമനം; ശാസ്ത്രിയാണ് രാജാവ്: ദ്രാവിഡും സഹീറും പുറത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്, ബൗളിങ് ഉപദേശകരായി രാഹുല്‍ ദ്രാവിഡിനേയും, സഹീര്‍ ഖാനേയും നിയമിച്ച ബി.സി.സി.ഐ തീരുമാനത്തില്‍ നിന്നും മലക്കം മറിഞ്ഞു. സൗരവ് ഗാംഗുലി അധ്യക്ഷനായ ഉപദേശക സമിതി രവിശാസ്ത്രിയെ ചീഫ് കോച്ചായും ദ്രാവിഡിനേയും സഹീര്‍ഖാനേയും കണ്‍സള്‍ട്ടന്റുമാരായും നിയമിച്ചിരുന്നു. എന്നാല്‍ പരിശീലകനായ ശാസ്ത്രിയുടെ നിയമനത്തിന് ബി.സി.സി.ഐയുടെ ഭരണകാര്യങ്ങള്‍ക്കായി വിനോദ് റായിയുടെ നേതൃത്വത്തില്‍ നിയമിച്ച സി.ഒ.എ പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

22ന് ചേരുന്ന സി.ഒ.എ യോഗത്തില്‍ കോച്ച് രവി ശാസ്ത്രിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇരുവരുടേയും നിയമനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നാണ് സി.ഒ.എയുടെ തീരുമാനം. ഇരുവരുടേയും കാര്യത്തില്‍ കരാറില്ല, ശിപാര്‍ശകള്‍ മാത്രമേയുള്ളൂ. ഇത് നിയമനമല്ലെന്നാണ് സി.ഒ.എയുടെ നിലപാട്. ശിപാര്‍ശ നല്‍കിയിട്ടുണ്ട് സി.ഒ.എ ശിപാര്‍ശകള്‍ പരിശോധിക്കും, ഇത് മുഖ്യകോച്ചുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് സി.ഒ.എ തലവന്‍ വിനോദ് റായി പറഞ്ഞു.

ശാസ്ത്രിയെ 2019ലെ ലോകകപ്പ് വരെ കോച്ചായി തെരഞ്ഞെടുത്തപ്പോള്‍ സഹീര്‍ ഖാനും ദ്രാവിഡിനും വര്‍ഷത്തില്‍ 150 ദിവസത്തെ താല്‍ക്കാലിക കരാറാണ് നല്‍കിയിട്ടുള്ളതെന്നായിരുന്നു നേരത്തെ ഉപദേശക സമിതി അറിയിച്ചിരുന്നത്. ഇരുവരുടേയും വേതനവും നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ഇരുവരുടേയും നിയമനത്തില്‍ തൃപ്തനല്ലാത്ത രവിശാസ്ത്രി എന്ത് നിലപാടെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. തന്റെ വിശ്വസ്ഥനും സുഹൃത്തുമായ ഭരത് അരുണിനെ ബൗളിങ് കോച്ചായി നിയമിക്കണമന്നായിരുന്നു ശാസ്ത്രിയുടെ ആവശ്യം.

എന്നാല്‍ ശാസ്ത്രിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഉപദേശക സമിതി ചെയര്‍മാന്‍ സൗരവ് ഗാംഗുലിയുടെ കടുംപിടുത്തമാണ് സഹീറിന്റേയും ദ്രാവിഡിന്റേയും തെരഞ്ഞെടുപ്പിന് പിന്നില്‍. ഇരുവരേയും നിയമിച്ചതു വഴി ശാസ്ത്രിയുടെ അപ്രമാധിത്യത്തിന് തടയിടാനാവുമെന്നും ഗാംഗുലി കണക്ക് കൂട്ടി. ദ്രാവിഡിനേയും സഹീറിനേയും വെട്ടാനായാല്‍ അത് ഗാംഗുലിക്കെതിരായ ശാസ്ത്രിയുടെ വിജയം കൂടിയായി കണക്കാക്കും. അതിനിടെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മാനേജറെ കണ്ടെത്തുന്നതിനായി ഉടന്‍ പരസ്യം നല്‍കുമെന്നും സമാന രീതിയില്‍ എ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും മാനേജര്‍മാരേയം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോച്ച് രവി ശാസ്ത്രിയുടെ വേതനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ നാലംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.

ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, സി.ഇ.ഒ രാഹുല്‍ ജൊഹ്്‌റി എന്നിവരടങ്ങുന്ന നാലംഗ സമിതിയെയാണ് സി.ഒ.എ തെരഞ്ഞെടുത്തത്. സി.ഒ.എ അംഗം ഡയാന എദുല്‍ജി, ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇതിനായി നാലംഗ സമിതി 19ന് യോഗം ചേരും. അതേ സമയം സി.ഒ.എയുടെ മലക്കം മറിച്ചിലിനെ തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം 19ന് പുറപ്പെടാനിരിക്കെ സഹീറും ദ്രാവിഡും സംഘത്തിലുണ്ടാവുമോ എന്ന കാര്യം സംശയമാണ്. ഈ മാസം 26നാണ് ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്.

chandrika: