നോയിഡ: റേവ് പാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെ ഉപയോഗിച്ചെന്ന കേസില്‍ ബിഗ് ബോസ് താരവും യുട്യൂബറുമായ എല്‍വിഷ് യാദവിനെതിരെ കേസ്. ഇയാളുടെ അഞ്ച് സഹായികളെ അറസ്റ്റ് ചെയ്തു. നോയിഡയില്‍ കഴിഞ്ഞദിവസം നടന്ന റേവ് പാര്‍ട്ടിയിലാണ് വിഷപ്പാമ്പുകളെ എത്തിച്ചത്. പ്രതികളില്‍നിന്ന് 20 മില്ലിലീറ്റര്‍ പാമ്പിന്‍വിഷവും 9 വിഷപ്പാമ്പുകളും കസ്റ്റഡിയിലെടുത്തു.
അഞ്ച് മൂര്‍ഖന്‍, പെരുമ്പാമ്പ്, ഇരുതല മൂരി, ചേര എന്നിവയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. മേനകാ ഗാന്ധിയുടെ എന്‍.ജി.ഒ ആണ് പരാതി നല്‍കിയത്. എല്‍വിഷിന്റെ നോയിഡയിലെ ഫാം ഹൗസില്‍ വിഷപ്പാമ്പുകളെ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവയെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. അനധികൃതമായി റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന എല്‍വിഷിന്റെ ഫാം ഹൗസില്‍ വിദേശ യുവതികള്‍ സ്ഥിരമായി എത്താറുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ ഉറപ്പിക്കുന്നതിനായി എന്‍ജിഒയിലെ ഒരംഗം എല്‍വിഷിനെ സമീപിക്കുകയും മൂര്‍ഖന്റെ വിഷം ആവശ്യപ്പെടുകയും ചെയ്തു. ഉടനെത്തന്നെ എല്‍വിഷ് തന്റെ ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറി. ഫോണില്‍ വിളിച്ചപ്പോള്‍ പാമ്പിന്‍വിഷവും പാമ്പിനെയും നല്‍കാമെന്ന് ഏജന്റ് സമ്മതിച്ചു. പാര്‍ട്ടി നടക്കുന്ന സ്ഥലത്ത് പാമ്പുകളുമായി അഞ്ച് പേര്‍ എത്തി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.