പാലക്കാട്: സ്റ്റേഷന് പുറമെ ട്രെയിനില്‍ കൂടി എലിശല്യം രൂക്ഷമായതോടെ ‘കെണി’യൊരുക്കി റെയില്‍വേ. ട്രെയിനിലെ സീറ്റുകളും കേബിളുകള്‍ കരണ്ടുതിന്നുന്നതും യാത്രക്കാരുടെ ലഗേജുകള്‍ കേടുവരുത്തല്‍ തുടങ്ങി പരാതികള്‍ വന്നതോടെയാണ് അധികൃതര്‍ വില്ലനെ പിടികൂടാന്‍ പരിപാടി തുടങ്ങിയത്.
ജനശതാബ്ദി ട്രെയിനില്‍ സീറ്റിനടിയിലെ ഇരുമ്പകൂടിനെ പറ്റി യാത്രക്കാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് റെയില്‍വേ എലി കെണി സംബന്ധിച്ച വിശദീകരണവുമായെത്തിയത്. സീറ്റുകളും മറ്റും കരണ്ടുതിന്നുന്നതു മാത്രമല്ല, കോച്ചുകളില്‍ കിടന്നു ചത്തു ദുര്‍ഗന്ധം വമിക്കുന്നതു ബുദ്ധിമുട്ടായതോടെയാണ് എലിക്കെണിയുമായി റെയില്‍വേ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചുവേളിലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസില്‍ എലി ചത്ത ദുര്‍ഗന്ധം പരന്നതോടെ ട്രെയിന്‍ ഒരു മണിക്കൂര്‍ ഷൊര്‍ണൂരില്‍ പിടിച്ചിട്ടിരുന്നു.
അതേസമയം ജനശതാബ്ദി ട്രെയിനില്‍ ഒരുക്കിയ കെണിയില്‍ ഇതേവരെ എലികള്‍ കുടുങ്ങിയിട്ടില്ലെന്നാണ് വിവരം. കംപാര്‍ട്ട്‌മെന്റിന്റെ വിവിധ ഭാഗങ്ങളില്‍ കെണി ഒരുക്കിയിട്ടുണ്ട്.