ചണ്ഡിഗഢ്: ഹരിയാനയിലെ സോനിപതിലുളള ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന കര്‍ഷകന്റെ മൃതദേഹം എലികരണ്ടിതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ കുണ്ഡ്‌ലിയില്‍ നടക്കുന്ന കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്ന രാജേന്ദ്ര സരോഹയുടെ മൃതദേഹമാണ് എലികടിച്ചത്.
ബുധനാഴ്ചയാണ് സമരഭൂമിക്ക് അടത്തുളള ഗ്രാമത്തില്‍ വെച്ച് എഴുപതുകാരനായ രാജേന്ദ്ര മരിക്കുന്നത്. തുടര്‍ന്ന് പോസ്റ്റമോര്‍ട്ടത്തിനായി മൃതദേഹം സോണിപത് ആശുപത്രിയില്‍ സൂക്ഷിക്കുകയായിരുന്നു. മൃതദേഹം ഫ്രീസറില്‍ നിന്ന് പുറത്തെടുത്തപ്പോഴാണ് മുഖവും കാലിന്റെ ചിലഭാഗങ്ങളും എലികരണ്ട നിലയില്‍ കണ്ടെത്തിയത്.
”മൃതശരീരത്തില്‍ നിന്ന് രക്തമൊലിക്കുന്നത് ഞങ്ങള്‍ കണ്ടു. ആഴത്തിലുളള പരിക്കുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു”-. കര്‍ഷകന്റെ മകനായ പ്രദീപ് സരോഹ പറഞ്ഞു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും അനുനയിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ ജെയ് ഭഗ് വാന്‍ അറിയിച്ചു. സോനിപതിലെ ബയാന്‍പുര്‍ ഗ്രാമത്തില്‍ നിന്നുളള കര്‍ഷകനാണ് മരിച്ച രാജേന്ദ്ര സരോഹ. കാര്‍ഷിക സമരത്തില്‍ ഭാഗമാകുന്നതിന് വേണ്ടിയാണ് കുണ്ഡ്‌ലി അതിര്‍ത്തിയില്‍ ഇദ്ദേഹം എത്തിയത്. പ്രതിഷേധം നടക്കുന്ന സ്ഥലത്തിന് സമീപമുളള റസോയ് ഗ്രാമത്തിലാണ് അദ്ദേഹം തങ്ങിയിരുന്നത്.
ബുധനാഴ്ച രാത്രി പെട്ടെന്ന് അസുഖബാധിതനാവുകയായിരുന്നു. തുടര്‍ന്ന് സോണിപത് സിവില്‍ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും സരോഹ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചു. കുണ്ഡ്‌ലിയില്‍ സമരമാരംഭിച്ചതിന് ശേഷം മരിക്കുന്ന 19-ാമത്തെ കര്‍ഷകനാണ് സരോഹ.