കോഴിക്കോട്: റേഷന്‍ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ സംസ്ഥാനവ്യാപകമായി കടയടപ്പ് സമരം തുടങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പിലാക്കുക, റേഷന്‍കട കമ്പ്യൂട്ടര്‍ വത്കരണവും ഇപോസ് മെഷീന്‍ സ്ഥാപിക്കലും നടപ്പില്‍വരുത്തുക, സാധനങ്ങള്‍ എത്തിച്ചശേഷം മൊബൈല്‍ സന്ദേശമയക്കുക, കൃത്യമായ അളവിലും തൂക്കത്തിലും സാധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ്് റീട്ടെയ്ല്‍ റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം ആരംഭിച്ചത്. റേഷന്‍ വ്യാപാര രംഗത്തെ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
റേഷന്‍ വ്യാപാരികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കിഡ്‌സണ്‍കോര്‍ണറില്‍ സംസ്ഥാനതല പ്രതിഷേധ ധര്‍ണ നടത്തി. സമരസമിതി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അടച്ചിട്ട കടകള്‍ ബലമായി തുറക്കുമെന്ന ഭീഷണി വിലപ്പോവില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ധര്‍ണസമരത്തിന് ശേഷം സംയുക്തസമിതി അടിയന്തിരയോഗം ചേര്‍ന്നു. പ്രക്ഷോഭത്തിന്റെ അടുത്തപടിയായി ഒന്‍പത് മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും അനിശ്ചിതകാല സമരം ആരംഭിക്കാന്‍ തീരുമാനിച്ചു.
റേഷന്‍ വ്യാപാരികള്‍ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരത്തെ തുടര്‍ന്ന് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു.