ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഡല്‍ഹിയിലെ കേരള ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കേരളത്തിന് ആവശ്യം. എന്നാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ നിയമാവലി ചൂണ്ടിക്കാട്ടി രണ്ടര ലക്ഷം മെട്രിക് ടണ്‍ ധാന്യം വെട്ടിക്കുറച്ചിരിക്കുകയാണ്. കാര്‍ഷികോത്ദാപനം നന്നേ കുറഞ്ഞ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വലിയ തിരിച്ചടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നതിന് കൂടുതല്‍ ശാസ്ത്രീയമായ സംഭരണ ശാലകള്‍ സ്ഥാപിക്കുന്നതിനും കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനും കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് അനുവദിച്ച എയിംസ് യാതാര്‍ത്ഥ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.