റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയെച്ചൊല്ലിയുള്ള വിവാദം പരിഹാരമില്ലാതെ നീളുന്നതിനിടെ സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍. മിക്ക റേഷന്‍ കടകളിലും അരിയും ഗോതമ്പും മണ്ണെണ്ണയും സ്റ്റോക്കില്ല. ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ എ.പിഎല്‍ വിഭാഗത്തിന് റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡുകള്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും റേഷന്‍ സാധനങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ ഇനി റേഷന്‍ കടയില്‍ പോയിട്ട് കാര്യമില്ല. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വിഹിതം കേന്ദ്രം വെട്ടിച്ചുരുക്കിയതോടെയാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കാര്‍ഡുടമകള്‍ക്ക്് നവംബര്‍ മാസത്തെ റേഷന്‍സാധനങ്ങള്‍ മുടങ്ങിയത്.
ചിലയിടത്ത് പൂര്‍ണ്ണമായും ചിലയിടത്ത് ഭാഗികമായും മുടങ്ങി. എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് 8 രൂപ 90 പൈസ നിരക്കില്‍ അഞ്ചു കിലോ അരിയും 6 രൂപ 70 പൈസ നിരക്കില്‍ ഒരു കിലോ ഗോതമ്പും ഒക്‌ടോബര്‍ മാസത്തില്‍ നല്‍കുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഇക്കാര്യം വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ റേഷന്‍ വാങ്ങാന്‍ എത്തുന്നവരോട് അലോട്ട്‌മെന്റ് വന്നിട്ടില്ല എന്നാണ് റേഷന്‍ കടക്കാര്‍ നല്‍കുന്ന മറുപടി. പലയിടങ്ങളിലും ബിപിഎല്ലുകാര്‍ക്കും റേഷന്‍ കിട്ടാത്ത സ്ഥിതിയുണ്ട്.
പൊതുവിതരണ സംവിധാനം താളംതെറ്റിയതോടെ സംസ്ഥാനത്ത് അരി വില കുത്തനെ ഉയരുമെന്നാണ് ആശങ്ക. ഇപ്പോള്‍ തന്നെ അരി വില മേല്‌പോട്ടാണ്. സംസ്ഥാന സര്‍ക്കാര്‍ വളരെ ലാഘവത്തോടെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കേന്ദ്രത്തില്‍ നിന്നുള്ള അരി വിഹിതം ഗണ്യമായി കുറയും. ലഭ്യത കുറയുന്നതോടെ അരി, ഗോതമ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം വിലക്കയറ്റത്തിന്റെ പിടിയിലമരും. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അരി വില ഓരോ മാസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് ചെറിയ ഇടപെടലുകള്‍ നടന്നെങ്കിലും സപ്ലൈകോയിലും നീതി സ്റ്റോറിലുമൊന്നും സാധനങ്ങള്‍ സ്റ്റോക്കില്ല. അഞ്ചു വര്‍ഷത്തേക്ക് വിലവര്‍ധനയുണ്ടാകില്ല എന്ന് പറഞ്ഞ സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നേയില്ല. റേഷന്‍ കടകളില്‍ എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് യഥേഷ്ടം അരി ലഭിക്കുകയും ബാക്കി വരുന്ന അരി പൊതു വിപണിയിലേക്ക് എത്തുകയും ചെയ്തിട്ടും അരിയുടെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സ്ഥിതിയില്‍ പുതിയ സാഹചര്യം ആശങ്ക ഉളവാക്കുന്നതാണ്. ഉപഭോക്ക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നത് പൊതുവിതരണ ശ്രംഖലയാണ്.
നവംബര്‍ ഒന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ചുള്ള ലിസ്റ്റ് കേന്ദ്രത്തിന് കൈമാറുകയും അതു പ്രകാരമുള്ള റേഷന്‍ അലോട്‌മെന്റ് കേന്ദ്രം നിശ്ചയിക്കുകയും ചെയ്തു കഴിഞ്ഞു. താലൂക്ക്തലത്തില്‍ റവന്യൂ-പഞ്ചായത്ത്-സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റാങ്കിംഗ് സമിതി കൂടുകയോ, പരിശോധന നടത്തുകയോ ചെയ്യാതെയാണ് സര്‍ക്കാര്‍ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ഗണനാ പട്ടിക വിവാദമായതോടെ തിരുത്തല്‍ വരുത്താന്‍ ഇപ്പോള്‍ അപേക്ഷ ല്വീകരിക്കുന്നുണ്ടെങ്കിലും ഇതിന് സാങ്കേതിക തടസ്സങ്ങളുണ്ട്.അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാലേ പുതിയ ആളുകള്‍ക്ക് ലിസ്റ്റില്‍ കയറാന്‍ സാധിക്കൂ.
കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് പൊതു വിതരണ രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തനം സജീവമാകുകയും നിരവധി എപിഎല്‍ കുടുംബങ്ങളടക്കം റേഷന്‍ സംവിധാനത്തെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. റേഷന്‍ കാര്‍ഡ് പുതുക്കുന്ന ജോലികളും അന്തിമ ഘട്ടത്തിലായിരുന്നു. നിയമം നടപ്പാക്കാന്‍ കുറ്റമറ്റ ലിസ്റ്റ് തയ്യാറാക്കല്‍, റേഷന്‍ കടകളുടെ നവീകരണം തുടങ്ങി നിരവധി കടമ്പകളുള്ളതിനാല്‍ കേന്ദ്രത്തെ സമീപിച്ച് സമയം നീട്ടി വാങ്ങുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടിക പ്രകാരം റേഷന്‍ ലഭിക്കുന്ന പട്ടികയില്‍ നിന്നും പുറത്തായ 1.79 കോടി ജനങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായ ആയിരങ്ങളുണ്ട്. നിലവില്‍ റേഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഇടത്തരം കുടുംബങ്ങളുണ്ട്. ഇവരുടെ കാര്യത്തില്‍ ഇനിയും നയപരമായ തീരുമാനം സരസംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ എല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതേ സമയം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്‍ഡിഎഫ് സംസ്ഥാനത്ത് തയ്യാറാക്കിയ ലിസ്റ്റിലെ അപാകതയെക്കുറിച്ച് മൗനം പുലര്‍ത്തുന്നു.