X

റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിട്ട് സമരത്തില്‍. സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്തംബര്‍, ഒക്ടോബര്‍ മാസത്തെ വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് റേഷന്‍ കടകള്‍ അടച്ചിടും. കൂടാതെ കോവിഡ് കാലത്ത് കിറ്റ് നല്‍കിയതിന്റെ കമ്മീഷന്‍ പൂര്‍ണമായും നല്‍കി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നല്‍കുക, 2018 ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കെ ആര്‍ ഇയു (സിഐടിയു), കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള സംയുക്ത സമരസമിതിയാണ് സമരരംഗത്തുള്ളത്.

തീരുമാനമുണ്ടായില്ലെങ്കില്‍ ജനുവരി ആറു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

 

webdesk17: