X
    Categories: keralaNews

പുഴുക്കലരി ക്ഷാമം രൂക്ഷം; കേന്ദ്രത്തെ ആശങ്ക അറിയിച്ച് കേരളം

തിരുവനന്തപുരം: കേരളത്തില്‍ പുഴുക്കലരി ക്ഷാമം രൂക്ഷമായതോടെ കേന്ദ്രത്തെ ആശങ്ക അറിയിച്ച് കേരളം. കേരളത്തിലെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം കേന്ദ്രം അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കേന്ദ്ര സര്‍ക്കാര്‍ എഫ്.സി.ഐ വഴി സംസ്ഥാനത്തിന് അനുവദിച്ചു വരുന്ന അരി വിഹിതം 50% പച്ചരി, 50% പുഴുക്കലരി എന്ന തോതിലാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നല്കിവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി എഫ്.സി.ഐയില്‍ നിന്നും വിതരണം ചെയ്യുന്ന പച്ചരിയുടെ അളവ് 90% ആണ്.  പുഴുക്കലരി എഫ്.സി.ഐ യില്‍ നിന്നും തീരെ കിട്ടാത്ത അവസ്ഥയാണ്.
പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് പൊതുമാര്‍ക്കറ്റില്‍ അരിവില ഉയരുന്നതിന് കാരണമായി. മുന്‍ഗണനാ കാര്‍ഡുകളായ അന്ത്യോദയ-അന്നയോജന കാര്‍ഡുടമകള്‍ക്കും പുഴുക്കലരി ലഭ്യമാകാത്ത അവസ്ഥയാണ്. കേരളത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് പറഞ്ഞ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍, കേരളത്തിലെ റേഷന്‍ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുന:ക്രമീകരിക്കുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Chandrika Web: