കോഴിക്കോട്: റേഷന്‍ മണ്ണെണ്ണയുടെ വില കുതിച്ചുയരുന്നത് ജനങ്ങള്‍ക്ക് പ്രഹരമാവുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 53 രൂപ വില നല്‍കിയാണ് ഉപഭോക്താക്കള്‍ മണ്ണെണ്ണ വാങ്ങിയത്. ഇപ്പോള്‍ 31 രൂപ വര്‍ദ്ധിപ്പിച്ചു കൊണ്ട് 84 രൂപയിലെത്തിയിരിക്കുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് 19 രൂപ വിലയുള്ളപ്പോള്‍ രണ്ട് രൂപ 20 പൈസ കമ്മീഷന്‍ ആയിരുന്നത് 84 രൂപ എന്ന ഭീമമായ വര്‍ദ്ധനവു വരുത്തിയപ്പോഴും ഇതേ കമ്മീഷന്‍ തന്നെയാണ് തുടരുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. മുതല്‍ മുടക്കിന്റെ ശതമാനത്തിനു അനുസരിച്ചു കൊണ്ട് കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുകയും മണ്ണെണ്ണ ഡോര്‍ഡലിവറി ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് റേഷന്‍ കടക്കാര്‍ ആവശ്യപ്പെടുന്നു.
തൊഴില്‍ തര്‍ക്കം മൂലം ഏപ്രില്‍ മാസം പാലക്കാട് ജില്ലയില്‍ ഭാഗികമായും പൂര്‍ണ്ണമായും റേഷന്‍ ലഭിക്കാത്തവര്‍ക്കും ജില്ലയില്‍ നിന്ന് പോര്‍ട്ടബിലിറ്റിയായി സ്ഥിരമായി റേഷന്‍ വാങ്ങുന്ന മറ്റു ഇതര ജില്ലക്കാരായ ഉപഭോക്താക്കള്‍ക്കും ഏപ്രില്‍ മാസത്തെ റേഷന്‍ മെയ് മാസം മുഴുവനും ലഭിക്കുന്നതിന്ന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവര്‍ ആവശ്യപ്പെട്ടു.