X

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിർത്തിവെച്ച് കരാറുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി. എഫ്സിഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും, അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനെത്തുന്ന കരാറുകാർ അനിശ്ചിതകാലത്തേക്ക് സേവനം നിർത്തലാക്കി, സമരം പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലായിരിക്കുന്നത്.

ഭക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കോടികളുടെ കുടിശ്ശികയാണ് സർക്കാർ കരാറുകാർക്ക് നൽകാനുള്ളത്. ഈ സാഹചര്യത്തിലാണ് കരാറുകാരുടെ നടപടി. കുടിശ്ശിക തുക ലഭിച്ചില്ലെങ്കിൽ ഇന്ന് മുതൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിർത്തിവയ്ക്കുമെന്ന് കരാറുകാർ അറിയിച്ചു.

റേഷൻ വസ്തുക്കൾ വിതരണത്തിന് എത്തിച്ച വകയിൽ 100 കോടിയോളം രൂപയാണ് സപ്ലൈകോ നൽകാനുള്ളത്. ഈ വർഷം സെപ്റ്റംബർ മുതലുള്ള തുകയാണിത്. ഒരു ക്വിന്റൽ റേഷൻ വസ്തുക്കൾ വിതരണത്തിന് എത്തിച്ചാൽ 70 രൂപയാണ് കരാറുകാർക്ക് ലഭിക്കുക. ഈ തുകയിൽ നിന്നാണ് കരാറുകാർ വാഹന വാടക, ഇന്ധനം, തൊഴിലാളികളുടെ കൂലി എന്നിവ കണ്ടെത്തുന്നത്. ബില്ല് സമർപ്പിച്ചാൽ ഉടൻ തുക അനുവദിക്കുക, ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി വിഹിതം സപ്ലൈകോ നേരിട്ട് അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ കരാറുകാർ ഉന്നയിച്ചിട്ടുണ്ട്.

webdesk14: