തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കലും തിരുത്തലുമുള്‍പ്പെടെ നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ തീരുമാനം. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി പി.തിലോത്തമന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കാനാണ് നടപടി. പ്രാഥമിക ഘട്ടത്തില്‍ ചില താലൂക്കുകളില്‍ മാത്രം അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കാനാണ് നീക്കം. ഇത് പിന്നീട് വ്യാപിപ്പിക്കും. കാര്‍ഡുകള്‍ ഡിജിറ്റലാക്കുകയും എ.ടി.എം മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം കൊണ്ടുവരികയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വിതരണത്തിലും വില്‍പനയിലും സുതാര്യത കൊണ്ടുവരാന്‍ ഈ സംവിധാനം നിലവില്‍ വരുന്നതോടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓണത്തിന് നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ഇത്തവണ നൂറു സപ്ലൈക്കോ ചന്തകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുമെന്ന് തിലോത്തമന്‍ അറിയിച്ചു. മുന്‍ഗണന പട്ടികയുമായി ബന്ധപ്പെട്ട് 16 ലക്ഷം പരാതികളാണ് ലഭിച്ചത്. ഇത് വിവിധ ഘട്ടങ്ങളിലായി പരിശോധിച്ച് അര്‍ഹരായ രണ്ടര ലക്ഷം പേരെ മുന്‍ഗണന, മുന്‍ഗണനേതര പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.