തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മറ്റൊരു താലൂക്കിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ അംഗങ്ങളെ ഉള്‍പെടുത്തുന്നതിനും ഉള്‍പെടെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സാങ്കേതിക സംവിധാനമായി. 25 മുതല്‍ അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളില്‍ സ്വീകരിക്കും. ഫോറത്തിന് ഒപ്പം പ്രത്യേകം ഫീസ് വേണ്ട. സിവില്‍ സപ്ലൈസിന്റെ വൈബ്‌സൈറ്റില്‍ നിന്നും സൗജന്യമായി പ്രിന്റ് എടുക്കുകയോ താലൂക്ക് സപ്ലൈ ഓഫീസ്, പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ ലഭ്യമാക്കിയിട്ടുള്ള മാതൃകാ ഫോറത്തിന്റെ പകര്‍പ്പുകള്‍ പൂരിപ്പിച്ച് നല്‍കുകയോ വേണം.
റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ക്ക് പുതിയതായി റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് അപേക്ഷ രണ്ട് മാസം മുമ്പ് സ്വീകരിച്ചു തുടങ്ങിയിരുന്നു. അതനുസരിച്ച് അപേക്ഷ നല്‍കിയവരുടെ റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് ഓഫീസില്‍ തയ്യാറായി വരുന്നു. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷിക്കുകയും ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സാങ്കേതിക സംവിധാനവും പൊതുവിതരണ വകുപ്പ് തയ്യാറാക്കിവരുന്നു. അപേക്ഷ തയ്യാറാക്കുന്നതിനും കമ്പ്യൂട്ടറില്‍ നിന്നും ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് പ്രിന്റ് എടുക്കുന്നതിനും എല്ലാവര്‍ക്കും സാധ്യമാകുന്ന സംവിധാനം ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കും. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പൊതുവിതരണ ഓഫീസില്‍ നേരിട്ടു ചെല്ലാതെ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡുകളും ലഭ്യമാകും.
വ്യക്തികള്‍ക്ക് ആധാര്‍ നമ്പരും താമസ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ രേഖകള്‍ സ്‌കാന്‍ ചെയ്തു സമര്‍പ്പിച്ച് ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡുകള്‍ എടുക്കാം. താമസം ഒഴിവാക്കുന്നതിനൊപ്പം ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കാനും സാധിക്കും. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏതൊരാള്‍ക്കും ഓണ്‍്‌ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അല്ലാത്തവര്‍ക്ക് അക്ഷയ സെന്റര്‍ മുഖേന അപേക്ഷ നല്‍കാം.