തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പുതിയ റേഷന്‍ കാര്‍ഡ് അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷം. പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്നും അനൂപ് ജേക്കബ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റേഷന്‍ കാര്‍ഡ് പ്രശ്നം ആശങ്കയോടെയാണ് ജനങ്ങള്‍ കാണുന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. തെറ്റുകള്‍ തുടര്‍ക്കഥയായ റേഷന്‍ കാര്‍ഡാണ് നിലവില്‍ വിതരണം ചെയ്തിരിക്കുന്നത്. റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിഹരിക്കാതെയാണ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് നല്‍കിയിട്ടുള്ളത്. ഇന്നേവരെ കോടതിയില്‍ കേസുമായി ബന്ധപ്പെട്ടു പോലും എത്തിയിട്ടില്ലാത്ത അന്നമ്മയെ ജഡ്ജിയായും ആകാശത്തു കൂടി പോകുന്ന വിമാനം മാത്രം കണ്ടിട്ടുള്ള പൊന്നപ്പനെ പൈലറ്റാക്കിയും ഒക്കെയാണ് പുതിയ റേഷന്‍ കാര്‍ഡ് ഇറക്കിയിട്ടുള്ളതെന്നും അനൂപ് ജേക്കബ് ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ ഉപയോഗിക്കേണ്ട ഏറെ ആധികാരിക രേഖയായ റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ കൂമ്പാരം വന്നുചേര്‍ന്നത് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള കുറ്റമാണെന്നും അനൂപ് പറഞ്ഞു.
തെറ്റുകള്‍ എന്തെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അത് മുന്‍സര്‍ക്കാറിന്റെ കുഴപ്പമാണെന്ന ഭക്ഷ്യമന്ത്രിയുടെ നിലപാട് ബാലിശമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനം മന്ത്രി കെ. രാജുവിനെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒപ്പമുള്ള മന്ത്രി പോലും ഇത്തരത്തില്‍ തെറ്റായ പട്ടികയിലാണ് ഉള്‍പ്പെട്ടത്. ഇത്തരത്തിലാണ് റേഷന്‍ കാര്‍ഡിലെ പരാതിയെന്നും ചെന്നിത്തല ആരോപിച്ചു. സിവില്‍ സപ്ലൈസ് വിഭാഗത്തിന്റെ പരാജയമാണ് ഇത്തരം തെറ്റുകള്‍ കടന്നു കൂടാന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു. ഭക്ഷ്യ വകുപ്പിന്റെ മോശം പ്രവര്‍ത്തനം കൊണ്ട് ‘അരിതേടി തിലോത്തമന്‍ ആന്ധ്രയില്‍ പോയ പോലെ’ എന്ന പ്രയോഗം വരെ ഉണ്ടായതായും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടപ്പോള്‍ അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്നും അതാണ് അതിവേഗം നടപടികള്‍ സ്വീകരിക്കേണ്ടി വന്നതെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇതിനകം സംസ്ഥാനത്തെ 85 ശതമാനം കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കി. അനര്‍ഹരായ പലരും മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. അനര്‍ഹരുണ്ടെങ്കില്‍ അവര്‍ സ്വമേധയാ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിച്ചിരുന്നു. മുന്‍ഗണനാ പട്ടികയിലുള്ള 1.43 ലക്ഷം പേര്‍ അനര്‍ഹര്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 43,396 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് തെറ്റുകള്‍ തിരുത്തിയാകും മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കുകയെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
റേഷന്‍ കാര്‍ഡ് അബദ്ധ പഞ്ചാംഗമെന്ന് പ്രതിപക്ഷം
Tags: ration card