X
    Categories: indiaNews

രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ എത്തി രത്തന്‍ ഡാറ്റ; ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

മുംബൈ: കോവിഡിനിടയിലും രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാനെത്തിയ 83കാരനായ വ്യവസായി രത്തന്‍ ടാറ്റയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.

ജീവനക്കാരന്‍ രണ്ടുവര്‍ഷമായി രോഗബാധിതനാണെന്നും വീട്ടില്‍ കഴിയുകയാണെന്നും അറിഞ്ഞതോടെയാണ് ജീവനക്കാരന്റെ പുണെയിലെ വസതിയിലെത്തി രത്തന്‍ ടാറ്റ സന്ദര്‍ശനം നടത്തിയത്. മുംബൈയില്‍ നിന്നും വെള്ളിയാഴ്ചയാണ് അദ്ദേഹം ഇവിടെ എത്തിയത്.

‘രത്തന്‍ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരന്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി അസുഖബാധിതനായ മുന്‍ ജീവനക്കാരനെ സന്ദര്‍ശിക്കുന്നതിനായി പുണെയിലെ പ്രണ്ട്‌സ് സൊസൈറ്റിയില്‍ എത്തി. മാധ്യമങ്ങളില്ല, സുരക്ഷാജീവനക്കാരില്ല.. വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിജ്ഞാബദ്ധത മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്.

ഏറ്റവും വലുത് നല്ലൊരു മനുഷ്യനായിരിക്കുക എന്നുളളതാണ്. അങ്ങയുടെ മുന്നില്‍ ബഹുമാനത്താല്‍ ഞാന്‍ എന്റെ ശിരസ്സ് കുനിക്കുകയാണ്.’ ജീവനക്കാരനുമായി സംസാരിക്കുന്ന രത്തന്‍ടാറ്റയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യോഗേഷ് എഴുതുന്നു.

യോഗേഷിന്റെ കുറിപ്പ് വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

 

web desk 1: