തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തിന് ശേഷം എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വരുന്ന മൂന്നാഴ്ച സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കേണ്ട കാലയളവായി കണക്കാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. എലിപ്പനിയുടെ ലക്ഷണം കാണിക്കുന്ന എല്ലാ പനികളും എലിപ്പനിയായി കണക്കാക്കി ചികിത്സിക്കും.
സംസ്ഥാനത്ത് ആഗസ്ത് 15 മുതല്‍ എലിപ്പനി ബാധിച്ച് ഒമ്പത് പേരാണ് മരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ 37 പേര്‍ മരണപ്പെട്ടു. 196 പേര്‍ക്കാണ് ഈ കാലയളവില്‍ എലിപ്പനി ബാധിച്ചത്. 523 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതായും ആരോഗ്യമന്ത്രി അവലോകന യോഗത്തില്‍ അറിയിച്ചു.
ഡെങ്കിപ്പനി കൂടി വ്യാപകമാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. കോളറക്കും മഞ്ഞപ്പിത്തത്തിനും സാധ്യതയുള്ളതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.