ഹൈദരാബാദ്: തെലങ്കാനയിലെ മൂഷീറാബാദില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സംഭവിച്ച ഒരു കോടി നഷ്ടം കണക്കാക്കുന്ന തീപിടുത്തത്തിന് കാരണം ഒരു എലി. ഈ സ്ഥലത്തെ ഒരു വാഹന വില്‍പ്പന കേന്ദ്രത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 8ന് തീപിടുത്തമുണ്ടായത്. ആദ്യഘട്ടത്തില്‍ തന്നെ തീപിടുത്തം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും തീപിടിക്കുന്ന വസ്തക്കള്‍ കത്തിയതിനാലോ, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ അല്ല തീപിടുത്തം എന്ന് കണ്ടെത്തിയിരുന്നു. പിന്നീടാണ് സിസിടിവി ദൃശ്യങ്ങളിലേക്ക് അന്വേഷണം നീങ്ങിയത്.
ഇതില്‍ നിന്നാണ് തീപിടുത്തത്തിലെ വില്ലന്‍ എലിയാണ് എന്ന് കണ്ടെത്തിയത്. വാഹന വില്‍പ്പന കേന്ദ്രത്തിലെ ഒരു നില മുഴുവന്‍ തീപിടുത്തത്തില്‍ കത്തിപോയിരുന്നു. ഇവിടെ തീപിടിച്ചതിന്റെ ഫലമായി ഉണ്ടായ ചൂടും പുകയും മൂലം അതിന് അടിയിലെ നിലയിലും തകരാര്‍ പറ്റിയിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിരുന്നു.
ട്രൂത്ത് ലാബ് എന്ന സ്വകാര്യ അന്വേഷണ സംഘമാണ് ഈ വാഹന വില്‍പ്പന കേന്ദ്രം തീപിടിച്ച സംഭവം അന്വേഷിച്ചത്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ഹൈട്രോ കാര്‍ബണിന്റെ സാന്നിധ്യം സംഭവ സ്ഥലത്ത് ഉണ്ടായില്ലെന്ന് പറയുന്നു. ഇതിലൂടെ തന്നെ വസ്തുക്കള്‍ കത്തിയതിനാലോ, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ അല്ല തീപിടുത്തം എന്ന അനുമാനത്തിലെത്തിയെന്നാണ് ഇവര്‍ പറയുന്നത്.
രാവിലെ ഓഫീസില്‍ എത്തിയ ഒരു ജീവനക്കാരി രാവിലെ 10 മണിയോടെ പതിവുപോലെ ഓഫീസിലെ പൂജ വിളക്ക് കത്തിച്ചു. അന്ന് രാത്രി 11.55 ഓടെ ഒരു എലി കത്തുന്ന ഒരു സാധനം കടിച്ചുപിടിച്ച് ഓഫീസിലെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ എത്തുന്നു. രാവിലെ തെളിയിച്ച ദീപത്തിലെ ഒരു തിരിയാകാം അത് എന്നാണ് കരുതുന്നത്. അത് എലി അവിടെയുള്ള കസേരയില്‍ ഇടുന്നു. 12.06 ഓടെ കസേര കത്തുവാന്‍ തുടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ സമയത്ത് തന്നെ അവിടെയുള്ള എന്തിലെക്കോ തീ പടര്‍ന്ന് ഒരു പൊട്ടിത്തെറിയുണ്ടാകുന്നു.