X

രാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദർബാർ ഹാൾ ഇനി ‘ഗണതന്ത്ര മണ്ഡപം’

രാഷ്‌ട്രപതി ഭവൻ ഹാളുകളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. രാഷ്ട്രപതി ഭവന്റെ പ്രധാന ഹാളുകളായ ദർബാർ ഹാൾ, അശോക് ഹാൾ എന്നിവയാണ് യഥാക്രമം ഗണതന്ത്ര മണ്ഡപം, അശോക മണ്ഡപം എന്നിങ്ങനെയാണ് പേര് മാറ്റിയിരിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് പുനർനാമകരണം നടത്തിയത്. ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പേര് മാറ്റലിന്റെ ഉദ്ദേശമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.
‘ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. അതിനാൽ തന്നെ രഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം. അതനുസരിച്ച്, രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് ‘ഗണതന്ത്ര മണ്ഡപം’  ‘അശോക മണ്ഡപം’ എന്നിങ്ങനെ പുനർനാമകരണം ചെയ്യുന്നു,’ രാഷ്‌ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ കൊളോണിയൽ കാലഘട്ടത്തിന്റെ അവശേഷിപ്പുകളിൽ നിന്ന് മോചിപ്പിക്കുകയാണ് ഇത്തരം പേരുമാറ്റലുകളുടെ ലക്ഷ്യമെന്ന് പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
‘ദേശീയ അവാർഡുകൾ വിതരണം ചെയ്യുന്നതുപോലുള്ള പ്രധാനപ്പെട്ട ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദർബാർ ഹാൾ. ദർബാർ എന്ന പദം ബ്രിട്ടീഷ് അസംബ്ലികളെയും കോടതികളെയും സൂചിപ്പിക്കുന്നതാണ്. ഇന്ത്യ റിപ്ലബിക് ആയതുമുതൽ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. അത് കൊണ്ട് തന്നെ ഉചിതമായ മറ്റു പേരുകളിലേക്ക് മാറുകയാണ്,’ രഷ്ട്രപതിഭവൻ കൂട്ടിച്ചേർത്തു.
അശോക് എന്ന വാക്ക് അർത്ഥമാക്കുന്നത് എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തനായ ആൾ എന്നാണ്. അശോക എന്നത് ഐക്യത്തിൻ്റെയും സമാധാനപരമായ സഹവർത്തിത്വത്തിൻ്റെയും പ്രതീകമായ അശോക ചക്രവർത്തിയെ സൂചിപ്പിക്കുന്നു.
ഇന്ത്യൻ മതപാരമ്പര്യങ്ങളിലും കലകളിലും സംസ്‌കാരത്തിലും ആഴത്തിലുള്ള പ്രാധാന്യമുള്ള അശോകവൃക്ഷത്തെയും ഈ വാക്ക് സൂചിപ്പിക്കുന്നു. അശോക് ഹാളിനെ അശോക മണ്ഡപം എന്ന് പുനർനാമകരണം ചെയ്യുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ കേന്ദ്ര സർക്കാർ പാസാക്കിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി- സംസ്‌കൃത പേരുകൾ നൽകിയതിനെതിരെ വ്യാപക വിമർശനങ്ങൾ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നീക്കം.

webdesk13: