നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്ത് ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് കേസ് എടുത്തത്. ഐപിസി 465 (വ്യാജ രേഖയുണ്ടാക്കല്‍), 469 (പ്രശസ്തിക്ക് കോട്ടം വരുത്താന്‍ വേണ്ടി വ്യാജ രേഖയുണ്ടാക്കല്‍) തുടങ്ങി ഐടി നിയമത്തിലെ സെക്ഷന്‍ 66, 66 ഇ എന്നിവയടക്കം ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
രശ്മികയുടെ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഡീപ് ഫേക്കുകള്‍ക്കെതിരെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രം രണ്ട് ദിവസം മുന്‍പ് മുന്നറിയിപ്പുമായി നല്‍കിയിരുന്നു. ഡീപ് ഫേക്കുകള്‍ തടയാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചത്.