കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 215 മരണം. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. ശ്രീലങ്കയെ ഞെട്ടിച്ച സ്‌ഫോടന പരമ്പരകളില്‍ കാസര്‍കോഡ് സ്വദേശിനിയും കൊല്ലപ്പെട്ടിരുന്നു.
മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിയും മംഗളൂരുവില്‍ താമസക്കാരിയുമായ ഖാദര്‍ കക്കാടിയുടെ ഭാര്യ പി.എസ് റസീന (61)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഖബറടക്കം ശ്രീലങ്കയില്‍ തന്നെ നടത്തുമെന്നാണ് വിവരം.
പത്തുദിവസം മുമ്പാണ് ഭര്‍ത്താവ് ഖാദറിനൊപ്പം റസീന ശ്രീലങ്കയിലേക്ക് പോയത്. ഇവരുടെ സഹോദരന്‍ ബഷീര്‍ ശ്രീലങ്കയില്‍ ബിസിനസുകാരനാണ്. ബഷീറിനടുക്കലേക്കാണ് ഇവര്‍ പോയത്. പിന്നീട് ഭര്‍ത്താവ് ഖാദര്‍ ദുബൈയിലേക്ക് പോയിരുന്നു. റസീന കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഹോട്ടലില്‍ സ്‌ഫോടനമുണ്ടായത്. ഹോട്ടലില്‍ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങുന്നതിനിടയിലാണ് സ്‌ഫോടനം. ഉച്ചയോടെ സഹോദരന്‍ ബഷീര്‍ ആശുപത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഭര്‍ത്താവിനോടെപ്പം ഇടയ്ക്കിടെ ദുബൈയിലും മംഗളൂരുവിലുമായി താമസിച്ചുവരികയായിരുന്നു പി.എസ് അബ്ദുല്ലയുടെ മകള്‍ റസീന. ഇവരുടെ മക്കളായ ഖാന്‍ഫറും ഫറയും അമേരിക്കയിലാണ്.
കൊളംബോയിലെ ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ദെയവാലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതലെന്ന നിലയില്‍ രാജ്യത്തെ സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.