തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടത്തി രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി നില്‍ക്കുമ്പോഴും റഫാല്‍ അഴിമതിയെക്കുറിച്ച് സി.പി.എം ഒരക്ഷരം മിണ്ടാതെ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് എ.ഐ .സി. സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി കോണ്‍ഗ്രസ് ഈ വിഷയം നിരന്തരം ഉന്നയിച്ചിട്ടും സി.പി.എമ്മും ഇടതുപക്ഷവും റാഫേല്‍ അഴിമതി വിഷയം ഏറ്റെടുക്കുന്നില്ല. പ്രധാനമന്ത്രി നടത്തിയ സമാന്തര ഇടപെടലുകള്‍ സംബന്ധിച്ചുള്ള രേഖകള്‍ പുറത്തു വന്നുകഴിഞ്ഞു. സുപ്രീംകോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും തെളിഞ്ഞു. എന്നിട്ടും സി.പി.എമ്മിന്റെ മൗനത്തിന് പിന്നിലെന്താണെന്ന് ആര്‍ക്കും മനസിലാകുന്നില്ല. അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 1400 കോടി രൂപയുടെ നികുതിയിളവ് നല്‍കി. അനില്‍ അംബാനിയും ഫ്രഞ്ച് സര്‍ക്കാരുമായി എന്തു ബന്ധമാണുള്ളത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ഇടപാടാണ് ഇതിന് പിന്നിലെന്നും വേണുഗോപാല്‍ പറഞ്ഞു.
രാജ്യത്തുടനീളം ബി.ജെ.പിക്കെതിരെ പോരാട്ടം നടത്തുന്ന രാഹുലിന്റെ ധാര്‍മികത ചോദ്യം ചെയ്യാന്‍ ഇടതുപക്ഷത്തിന് യോഗ്യതയില്ല. രാജ്യത്തെ ഏത് സംസ്ഥാനത്താണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പിക്കെതിരെ മല്‍സരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
റഫാല്‍ അഴിമതിയില്‍ സി.പി.എമ്മിന്റെ മൗനം ദൂരൂഹം: കെ.സി വേണുഗോപാല്‍
Tags: raphal