ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി വീണ്ടും. ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയും തെറ്റായ നടപടികളും ഉണ്ടായെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഖജനാവില്‍ നിന്നുള്ള പണമാണ് മോഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ കൂടി ഉദ്ധരിച്ച് ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആരോപണം. ‘റഫാലില്‍ ഇന്ത്യന്‍ ഖജനാവില്‍ നിന്നുള്ള പണമാണ് മോഷ്ടിക്കപ്പെട്ടത്. സത്യം ഏകമാണ്, പാതകള്‍ പലതും – മഹാത്മാ ഗാന്ധി’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ക്കായി 59,000 കോടി രൂപയുടെ കരാറാണ് 2016 സെപ്റ്റംബര്‍ 23ന് ഇന്ത്യ ഒപ്പിട്ടത്. ഇതില്‍ അഞ്ച് വിമാനങ്ങള്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ എത്തിയിരുന്നു.