X

‘ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗം’; വിവാദ പ്രസ്താവനയുമായി ഹരിയാന പൊലീസ് മേധാവി

ഛാണ്ഡിഗഡ്: സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഹരിയാന പൊലീസ് മേധാവി ആര്‍.സി മിശ്ര. ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ പതിനഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചര്‍ച്ചയാകുന്നതിനിടെയാണ് മിശ്രയുടെ വിവാദ പ്രസ്താവന. ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ എല്ലായിപ്പോഴും നടക്കുന്നുണ്ട്. പൊലീസിന്റെ ജോലി സംഭവം അന്വേഷിക്കുക, ക്രിമിനലുകളെ പിടികൂടുക, കുറ്റകൃത്യം തെളിയിക്കുക എന്നിവയാണ്. ഇതിനായി പൊലീസിനെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യും, ഇതായിരുന്നു മിശ്രയുടെ പരാമര്‍ശം.
സംസ്ഥാനത്ത് ബലാത്സംഗങ്ങളും കുറ്റകൃത്യങ്ങളും തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊലീസ് മേധാവിയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ കുരുക്ഷേത്രയില്‍ 15കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
ട്യൂഷനു പോയ പെണ്‍കുട്ടിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കുറ്റവാളിയെന്ന് സംശയിക്കുന്ന 19കാരനായ വിദ്യാര്‍ത്ഥിയെയും ഇന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

chandrika: