ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം, തീവ്രവാദം, ആള്‍ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമം തുടങ്ങിയവ വര്‍ധിക്കാന്‍ കാരണം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ഉയരുന്നത് മൂലമാണെന്ന് ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വലിയ തോതില്‍ വര്‍ദ്ധിച്ചുവെന്നും പാര്‍ലമെന്റില്‍ ജനസംഖ്യ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്നും എല്ലാ ജാതി-മത വിഭാഗങ്ങളെയും ഈ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും ഹരി ഓം പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
തിവ്രവാദം, ബലാത്സംഗം, ആള്‍ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് മുസ്‌ലിം ജനസംഖ്യയിലുണ്ടാകുന്ന വര്‍ദ്ധനവ് മൂലമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്ത് മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു, ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹരി ഓം പാണ്ഡെ പറഞ്ഞു.
രാജ്യത്തെ ജനപെരുപ്പത്തെ കുറിച്ചെന്നും മുസ്‌ലിംകള്‍ ചിന്തിക്കുന്നില്ല. അവര്‍ പറയുന്നത് ജനസംഖ്യ നിയന്ത്രണം അവരുടെ മതവിശ്വാസ പ്രകാരം എതിരാണെന്നാണ്. ഉടന്‍ തന്നെ പാര്‍ലമെന്റില്‍ ജനസംഖ്യ നിയന്ത്രണ ബില്‍ കൊണ്ടുവരണം. എല്ലാ ജാതി-മത വിഭാഗങ്ങളെയും ഈ ബില്ലില്‍ ഉള്‍പ്പെടുത്തണം. മുസ്‌ലിം ജനസംഖ്യ വര്‍ധനവ്് നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ പോലെ, ഇന്ത്യ ഇനിയും മറ്റൊരു മുസ്ലിം രാഷ്ട്രത്തിനായി വിഭജിക്കപ്പെടുമെന്നും പാണ്ഡെ പറഞ്ഞു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നുളള പാര്‍ലമെന്റ് അംഗമാണ് ഹരി ഓം പാണ്ഡെ
രണ്ടു ദിവസം മുമ്പ് ഉത്തര്‍ പ്രദേശിലെ ബി.ജെ.പി നേതാവ് സുരേന്ദ്ര സിങ് രാജ്യത്തെ ഹിന്ദു ദമ്പതിമാര്‍ മിനിമം അഞ്ചു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അല്ലാത്തപക്ഷം ഭാവിയില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും പറഞ്ഞിരുന്നു.