X

ബലാത്സംഗ കേസ്: സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. തിരുവനന്തപുരം കന്റോൻമെന്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫും ഇവിടെ എത്തിയിട്ടുണ്ട്.

പൊലീസ് ആവശ്യപ്പെട്ട രേഖകൾ അദ്ദേഹം ഇന്ന് ഹാജരാക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. നേരത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു സിദ്ദിഖ്. ഇതിനിടെ സുപ്രീം കോടതിയെ സമീപിച്ച അദ്ദേഹം അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സ്വന്തമാക്കി.

രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സിദ്ദിഖിനെ വിട്ടയച്ചത്. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ പ്രാഥമിക വിവരങ്ങൾ മാത്രം ശേഖരിച്ച് വിട്ടയക്കുകയാണ് ഉണ്ടായത്. കേസിനടിസ്ഥാനമായ ഡിജിറ്റൽ രേഖകൾ കൈയിലുണ്ടെന്നും അത് ഇന്ന് ഹാജരാകണമെന്നും സിദ്ദിഖ് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു അതിന്റെ ഭാഗമായിട്ടാണ് ഇന്ന് നടക്കുന്ന ചോദ്യംചെയ്യൽ.

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവന‌ടി പറഞ്ഞിരുന്നു.

webdesk14: