ലൈംഗികാരോപണം നേരിട്ട ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവെച്ചു. വെള്ളിയാഴ്ച്ച ജൂനിയര്‍ അത്ലറ്റിക്‌സ് പരിശീലകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗിനെതിരെ ചണ്ഡീഗഡ് പൊലീസ് ലൈംഗിക പീഡനത്തിനും ക്രിമിനല്‍ ഭീഷണിക്കും കേസെടുത്തു. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട വ്യാജ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ (ഐഎന്‍എല്‍ഡി) ഓഫീസില്‍ യുവതി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സന്ദീപ് സിംഗിനെ ഉടന്‍ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയും വിഷയത്തില്‍ നിക്ഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ജിമ്മില്‍ വച്ചാണ് സിംഗ് പെണ്‍കുട്ടിയെ കണ്ടതെന്നും തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ തന്നെ ബന്ധപ്പെട്ടെന്നും പരാതിക്കാരി പറഞ്ഞു. പിന്നീട് കൂടിക്കാഴ്ച നടത്തണമെന്ന് മന്ത്രി നിര്‍ബന്ധിച്ചു കൊണ്ടിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. അദ്ദേഹം പെണ്‍കുട്ടിയ്ക്ക് തുടര്‍ച്ചയായി ഇന്‍സ്റ്റാഗ്രാമില്‍ സന്ദേശമയച്ചരുന്നു.