X

ബലാത്സംഗക്കേസ്: ഫോണ്‍ ഹാജരാക്കിയില്ല, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പ്രത്യേക അന്വേഷണസംഘം. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ല. ഒന്നര മണിക്കൂര്‍ മാത്രമാണ് സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്തത്. ശേഷം സിദ്ദിഖിനെ വിട്ടയയ്ക്കുകയായിരുന്നു. സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യുന്നില്ലെന്നും ഇനി കോടതിയില്‍ കാണാമെന്നുമാണ് പൊലീസിന്റെ നിലപാട്.

കേസില്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിദ്ദിഖ് ഇന്നും രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2016 കാലഘട്ടത്തില്‍ സിദ്ദിഖ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും തന്റെ കൈവശം ഇല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സുപ്രിംകോടതിയെ അറിയിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സിദ്ദിഖിനെ വിട്ടയച്ചത്.

തിരുവനന്തപുരം സിറ്റി പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്ന് സിദ്ദിഖിനെ വിട്ടയച്ചത്. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.

webdesk14: