ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ സമന്‍സ്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ ജൂലൈ 18 ന് ഹാജരാകാന്‍ നിര്‍ദ്ദേശം.
ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്നു കോടതി വ്യക്തമാക്കി. ജൂണ്‍ 15ന് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പട്യാല കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബ്രിജ്ഭൂഷണ് പുറമെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റോസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിംഗ് ജസ്പാലിന്റേതാണ് ഉത്തരവ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പോക്‌സോ ചുമത്തി ബ്രിജ് ഭൂഷണെതിരെ മറ്റൊരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ലൈംഗികാതിക്രമ ആരോപണങ്ങളും ബ്രിജ് ഭൂഷണ്‍ നിഷേധിച്ചിരുന്നു. ഏപ്രില്‍ 21നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പടെ ഏഴ് വനിത ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ കൊണാട്ട് പ്ലേസ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.