സിനിമാ നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതോടെ നടനും എംഎല്‍എയുമായ മുകേഷിനെ സിപിഎം കൈവിട്ടേക്കും. അറസ്റ്റുണ്ടായാല്‍ രാജി സുനിശ്ചിതം. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്നു മാറിനില്‍ക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാര്‍ട്ടി നേതൃത്വം നല്‍കിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുകേഷിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ആരോപണം ഉയര്‍ന്ന ആദ്യഘട്ടത്തില്‍ രാജി ആവശ്യം പ്രസക്തമല്ലെന്നായിരുന്നു സിപിഎം നിലപാട്. സിനിമാ മേഖലയെ പിടിച്ചുലയ്ക്കുന്ന രീതിയില്‍ ആരോപണങ്ങള്‍ ശക്തമായതോടെ പാര്‍ട്ടി നിലപാട് മാറ്റി.
മുകേഷിനെതിരെ സിപിഎമ്മില്‍ ഏറെക്കാലമായി വിമര്‍ശനങ്ങളുയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് വിമര്‍ശനത്തിനു മൂര്‍ച്ച കൂടിയത്. ഒന്നരലക്ഷം വോട്ടിന് എന്‍.കെ.പ്രേമചന്ദ്രനോട് പരാജയപ്പെട്ടതോടെ ജില്ലാ ഘടകം മുകേഷിനെതിരെ തിരിഞ്ഞു. മുകേഷ് പാര്‍ട്ടിക്ക് വിധേയനല്ലെന്നും പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം. എംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കു ക്ഷീണമായെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ അംഗങ്ങളും വിമര്‍ശനവുമായെത്തി.
മുകേഷിനെതിരെ ജനവികാരം ഉയരുന്നത് ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുകേഷ് സിപിഎം അംഗമല്ല. അതിനാല്‍ പാര്‍ട്ടിതല നടപടികള്‍ ഉണ്ടാകില്ല. പാര്‍ട്ടി ചിഹ്നത്തിലാണു മുകേഷ് മത്സരിച്ചത്. നടിയുടെ മൊഴി പരിശോധിച്ചശേഷം മുകേഷിനെ പൊലീസ് ചോദ്യംചെയ്യും. തെളിവുകള്‍ എതിരായാല്‍ അറസ്റ്റിലേക്ക് കടക്കേണ്ടിവരും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുകേഷിന് വന്‍ പരാജയം നേരിടേണ്ടി വന്നിരുന്നു.