X

എം.എല്‍.എ ഹോസ്റ്റലില്‍ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമം: ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്‍.എല്‍ ജീവന്‍ലാലിനെതിരെയാണ് നടപടി.

കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ രാത്രിയോടെ ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കാണ് യുവതി പരാതി നല്‍കിയത്. കാട്ടൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്ന കേസ് ആയതിനാല്‍ ഡിവൈഎസ്പി യുവതിയുടെ പരാതി കാട്ടൂര്‍ എസ്‌ഐക്ക് കൈമാറി.

ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലില്‍ ഇരിങ്ങാലക്കുട എം.എല്‍.എയുടെ മുറിയില്‍ വെച്ച് ജീവന്‍ലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. സിപിഎം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും പരാതി ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവം നടന്നത് തിരുവനന്തപുരത്ത് ആയതിനാല്‍ കേസ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി സ്ഥാനത്തു നിന്ന് ജീവന്‍ലാലിനെ പാര്‍ട്ടി നീക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ഒരു വര്‍ഷത്തേക്ക് ഇയാളെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. യുവതി ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് ജീവന്‍ലാലിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.

chandrika: