കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരേ യുവതി നല്‍കിയ പരാതിയില്‍ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് കോടതി അനുമതി നല്‍കി. നടന്റെ അഭിഭാഷകന്‍ അഡ്വ. ടോമി ചെറുവള്ളിയുടെ അപേക്ഷയെത്തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. സിനിമ ചെയ്യാന്‍ തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ഉണ്ണിമുകുന്ദന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ചേരാനല്ലൂരില്‍ വാടകക്കു താമസിക്കുമ്പോഴായിരുന്നു സംഭവം. ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്‍ തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി നേരിട്ടാണ് പരാതി കൊടുത്തത്. മൂന്നു സാക്ഷികളാണുണ്ടായിരുന്നത്.
ആദ്യം സാക്ഷികളെ ക്രോസ്‌വിസ്താരം ചെയ്യാനുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റപത്രം വായിച്ചശേഷമേ പ്രതിക്ക് ക്രോസ്‌വിസ്താരം ചെയ്യാന്‍ അനുവാദമുള്ളൂവെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കീഴ്‌കോടതി നടപടി സ്‌റ്റേ ചെയ്തുകൊണ്ട് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുമതി നല്‍കിയത്.