X

അറസ്റ്റിലായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമ കേസ്

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ജെഡിഎസ് നേതാവും മുന്‍ എം.പിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും കേസ്. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രജ്വലിനെതിരെ സിഐഡി നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ഹാസനില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡയ്ക്കും മറ്റ് 2 പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 354 എബിഡി, ഐടി ആക്ട് 66ഇ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് പ്രജ്വലിനെതിരെ കേസെടുത്തിരിക്കുന്നത്.

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ മെയ് 31ന് അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയെ തിങ്കളാഴ്ച ബെംഗളൂരു കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ഇയാളെ ജൂലൈ എട്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിച്ച പ്രജ്വല്‍ പരാജയപ്പെട്ടിരുന്നു. മുന്‍ കേസുകളില്‍ 34 ദിവസം വിദേശത്ത് ഒളിവില്‍ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ പ്രജ്വലിനെ വിമാനത്താവളത്തില്‍ വച്ചുതന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജര്‍മനിയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ വനിതാ ഐ.പി.എസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വല്‍ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്‍ കൂടിയായ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ് ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇത് ചോര്‍ന്നതോടെ വന്‍ ജനരോഷത്തിന് കാരണമാവുകയും കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എന്‍ഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ എസ്‌ഐടി ലുക്കൗട്ട് നോട്ടീസും ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പിന്നീട് പാര്‍ട്ടിയില്‍ നിന്നടക്കം സമ്മര്‍ദം ശക്തമായതോടെയാണ് ഇയാള്‍ നാട്ടിലെത്തിയതും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തതും. നേരത്തെ, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറുകളാണ് പ്രജ്വലിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.

അതേസമയം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസില്‍ ജെഡിഎസ് എംഎല്‍സിയും പ്രജ്വലിന്റെ സഹോദരനുമായ സൂരജ് രേവണ്ണയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ജോലിക്കു സഹായം തേടി സമീപിച്ച 27കാരനെ പീഡിപ്പിച്ചെന്ന കേസില്‍ ഞായറാഴ്ച ഹാസനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെ, ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെയും പൊലീസ് കേസെടുത്തിരുന്നു.

webdesk13: