ബലാത്സംഗ കേസ്: അറസ്റ്റ് തടയണമെന്ന ആവശ്യവുമായി നടന്‍ സിദ്ധിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ലൈം​​ഗികാരോപണ കേസിൽ നടൻ സിദ്ധിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകി. നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്നാണ് സിദ്ധിഖിൻ്റെ വാദം. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്‍ സിദ്ധിഖ് വാദിച്ചു.

മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് തടയണമെന്നാണ് സിദ്ധിഖിന്‍റെ ആവശ്യം. സിദ്ധിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ധിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ധിഖ് താമസിച്ചതെന്ന് പൊലീസ് സംഘം സ്ഥിരീകരിച്ചു.

ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണെന്ന് സിദ്ധിഖ് പറഞ്ഞു. സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി. മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെന്നാണ് നടി പറഞ്ഞത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.

 

 

webdesk14:
whatsapp
line