പാറ്റ്ന: കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പത്താം ക്ലാസ്സുകാരിയുടെ സഹപാഠികളായ പെണ്‍കുട്ടികളോട് സംഭവത്തിന്റെ പരസ്യ വിവരണം ചോദിച്ച സ്ഥലം എംഎല്‍എ വിവാദത്തില്‍. രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എം.എല്‍.എ ലല്ലന്‍ പസ്വാന്‍ ആണ് സ്‌കൂളിലെത്തി പെണ്‍കുട്ടികളോട് സംഭവത്തിന്റെ പരസ്യ വിവരണം ആവശ്യപ്പെട്ടത്. പറയാന്‍ മടിച്ച പെണ്‍കുട്ടികളെ തുടരെ തുടരെ ചോദ്യം ചെയ്ത് അപമാനിച്ചതും പ്രതിഷേധത്തിന് കാരണമായി.
വൈശാലി ജില്ലയിലെ എസ് സി വിദ്യാര്‍ഥികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളായ അംബേദ്കര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ്സുകാരി ഇക്കഴിഞ്ഞ തിങ്കളഴ്ചയാണ് കൂട്ടബലാത്സംഗത്തിനിരയായി മരിച്ചത്. ഇതേതുടര്‍ന്നാണ് കൊല്ലപ്പെട്ടകുട്ടിയുടെ സ്‌കൂളിലെ പത്ത് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ എം എല്‍ എ ചോദ്യം ചെയ്തത്. സംഭവത്തില്‍ എം.എല്‍.എ ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുയാണ്.
സുഹൃത്തിന്റെ മരണത്തിലെ ഞെട്ടലില്‍ കഴിയുന്ന വിദ്യാര്‍ഥികളോടാണ് എം.എല്‍.എ പോലീസ് മുറയില്‍ ചോദ്യങ്ങള്‍ നിരത്തിയത്. ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ചു മരിച്ചുകിടക്കുകയായിരുന്ന സുഹൃത്തിന്റെ ദാരുണ മരണത്തെ കുറിച്ച് കൂട്ടുകാരി പറഞ്ഞപ്പോള്‍ എവിടെ നിന്നായിരുന്നു രക്തം വന്നതെന്നായിരുന്നു എം.എല്‍.എയുടെ ചോദ്യം. പറയാന്‍ മടിച്ച വിദ്യാര്‍ഥിനിയോട് കൂടുതല്‍ ആഭാസകരമായ ചോദ്യങ്ങളാണ് എംഎല്‍എ വീണ്ടും നിരത്തിയത്. പറയാന്‍ മടിച്ച വിദ്യാര്‍ഥികളോട് സത്യം തുറന്നു പറയാതെ എങ്ങനെ കാര്യങ്ങള്‍ മനസ്സിലാക്കും എന്നും എം എല്‍ എ ചോദിച്ചു.
അതേസമയം, സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും എംഎല്‍എ മാപ്പ് പറയാന്‍ തയ്യാറായിട്ടില്ല. താന്‍ സദ്ദുദ്ദേശത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്തതെന്നാണ് എം എല്‍ എയുടെ വിശദീകരണം