ചെന്നൈ: ശുപാര്‍ശക്കെത്തിയ യുവതിയെ മന്ത്രി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കെന്ന് പരാതി. തമിഴ്‌നാട് ഫിഷറീസ് മന്ത്രിയും അണ്ണാ ഡി.എം.കെ വക്താവുമായ ഡി.ജയകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവിനെ ഫോണില്‍ ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ഉടന്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന പുരുഷശബ്ദം സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. ശബ്ദം ജയകുമാറിന്റേതാണെന്നും അദ്ദേഹത്തെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ടി.ടി.വി ദിനകരന്‍ വിഭാഗം നേതാവ് തങ്കതമിഴ്‌ശെല്‍വന്‍ ആവശ്യപ്പെട്ടു.
ജയകുമാറിന്റേതെന്ന് കരുതുന്ന രണ്ട് ശബ്ദസന്ദേശങ്ങളാണ് വൈറലായിരിക്കുന്നത്. ഒന്നില്‍ യുവതിയുടെ മാതാവിന് സാമ്പത്തിക വാഗ്ദാനവുമുണ്ട്. ഓഗസ്റ്റ് ഒമ്പതിന് ജനിച്ച ആണ്‍കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവ് ഡി.ജയകുമാര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണത്തിന് പിന്നില്‍ ദിനകരനും സംഘവുമാണെന്ന് ഡി.ജയകുമാര്‍ ആരോപിച്ചു. ഏത് വിധത്തിലുള്ള പരിശോധനക്കും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബ്ദസന്ദേശം വ്യാജമാണെന്ന് പറയുന്ന ജയകുമാര്‍ കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ചിട്ടില്ലെന്ന് ദിനകരന്‍ വിഭാഗം നേതാവ് വെട്രിവേല്‍ തിരിച്ചടിച്ചു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ഡിണ്ടുഗല്ലിലെ ഹോട്ടല്‍ മുറിയിലാണ് പെണ്‍കുട്ടിയെ മന്ത്രി പീഡിപ്പിച്ചത്. പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ജയകുമാര്‍ രാജിവെച്ചാല്‍ മാത്രമേ പെണ്‍കുട്ടി പരാതിയുമായി രംഗത്തുവരൂ എന്നും വെട്രിവേല്‍ പറഞ്ഞു.