ആയിരം മാസങ്ങളേക്കാള്‍ പവിത്രതയുള്ളൊരു രാത്രി! അവനിലേക്ക് കരങ്ങള്‍ ഉയര്‍ത്തുന്ന സര്‍വരുടേയും പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കുന്ന വിശേഷപ്പെട്ട രാത്രി! ലൈലത്തുല്‍ ഖദ്ര്‍ സവിശേഷമായ സൗഭാഗ്യമാണ്. അത് ശാന്തിയുടെയും അനുഗ്രഹാശിസ്സുകളുടെയും മഹനീയ മുഹൂര്‍ത്തമാണ്. ഏതായിരിക്കും ആ രാത്രി, അനുചരന്മാര്‍ കൗതുകത്തോടെ ആരാഞ്ഞു. അപ്പോഴേക്ക് രണ്ടു പേര്‍ അതിനെ ചൊല്ലി തര്‍ക്കിക്കാന്‍ തുടങ്ങി. പ്രവാചകര്‍ക്ക് ആ രാത്രി മറന്നു പോകും വിധം അവ്യക്തമായി. തുടര്‍ന്ന് അവിടന്ന് പ്രതിവചിച്ചു. നിങ്ങള്‍ അവസാനത്തെ പത്ത് നാളുകളില്‍ അതിനെ അന്വേഷിക്കുക വിശിഷ്യ ഒറ്റയിട്ട രാവുകളില്‍. അപാരമായ ഒരു ദൈവിക യുക്തിയാണ് ഇവിടെ പ്രകടമാകുന്നത്. അതിരുകളില്ലാത്ത പ്രതിഫലങ്ങള്‍ ചൊരിഞ്ഞുകൊടുക്കുന്ന രാത്രി ക്ലിപ്തമായി നിര്‍ണയിക്കപ്പെട്ടാല്‍ അത് സ്വായത്തമാക്കുക എളുപ്പമാണ് എന്ന് മാത്രമല്ല അന്നേക്ക് മാത്രമായി കര്‍മങ്ങള്‍ ചുരുങ്ങുകയും ചെയ്‌തേക്കാം.
റമസാനിനോട് വിടപറയുന്ന അവസാന രാവുകളില്‍ അവിശ്രമ പരിശ്രമം നടത്താന്‍ ഇത് വിശ്വാസിയെ പ്രചോദിപ്പിക്കുന്നു. അവസാന നാളുകളില്‍ അരയുടുപ്പ് മുറുക്കി ഉടുത്ത് ആവേശപൂര്‍വം ആരാധനകളില്‍ മുഴുകി കുടുംബത്തെയും കൂടെയുള്ളവരെയും ഉണര്‍ത്തി സജീവമാകുമായിരുന്നു പ്രവാചകരെന്ന് മഹതി ആയിഷ (റ ) പറയുന്നത് കാണാം.
പ്രതിഫലം കൊതിച്ചും വിശ്വാസം ഉറപ്പിച്ചും ആ രാവുകളെ സജീവമാക്കിയാല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഗ്രഹങ്ങളും നേട്ടങ്ങളുമാണ് വിശ്വാസികള്‍ക്ക് വന്ന് ചേരുക. എന്നാലിന്ന് നാം അതിനെ ഒരു രാത്രിയായി ചുരുക്കിക്കട്ടി അന്നേക്ക് മാത്രമായി പ്രത്യേക ആവേശം രൂപപ്പെടുത്തുകയാണ്. അതാവട്ടെ മറ്റു രാത്രികള്‍ അലസതയോടെ കൈകാര്യം ചെയ്യാന്‍ കാരണമാകുകയും ചെയ്യുന്നു. ഒരുപക്ഷേ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് സജീവമാക്കിയ പലരും ക്ഷീണം കൊണ്ട് നിര്‍ബന്ധമായ സുബ്ഹി പ്രാര്‍ഥന പോലും നഷ്ടപ്പെട്ട് ഉറങ്ങിപോകുന്നത് ആ ഒരു ലക്ഷ്യപ്രാപ്തിയുടെ കുറവ് കൊണ്ട് തന്നെയാവണം.
നമ്മുടെ സൗകര്യത്തിനു പടച്ചവനെ വണങ്ങുക എന്നല്ല മറിച്ച് നമ്മുടെ സൗകര്യങ്ങള്‍ ത്യജിച്ച് അവനെ വഴങ്ങുക എന്നതാണ് പ്രധാനം. അതിനു അചഞ്ചലമായ വിശ്വാസവും ആത്മീയ പ്രസരിപ്പും അനിവാര്യമാണ്. വിട പറയുന്നത് പുണ്യകരമായ പരിശീലന കാലത്തോടാണ്. ഉറപ്പുവരുത്തേണ്ടത് സമൂലമായ മാറ്റത്തെയാണ്. കേവലമായ ആചാര അനുഷ്ഠാനങ്ങള്‍ക്ക് മാത്രമായി വ്രതനാളുകളെ ചുരുക്കിയാല്‍ കാര്യമായ ഒരു ഫലവും തുടര്‍ന്നുള്ള ജീവിതത്തില്‍ കാണണമെന്നില്ല. പാപമോചനത്തിനും ദൈവിക കാരുണ്യത്തിനും അവന്റെ വിട്ടുവീഴ്ചയിലൂടെ അര്‍ഹത നേടാനുള്ള ഉള്ളുരുകിയ പ്രാര്‍ഥനകളാണ് ലൈലത്തുല്‍ ഖദ്ര്‍ തേടുന്നത്. അക്ഷരത്തിലും അര്‍ത്ഥത്തിലും ദൈവിക സമര്‍പ്പണത്തിന്റെ നിഷ്‌കളങ്ക ഹൃദയവുമായി വേണം ആ രാത്രിയുടെ നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍.