X

റൊണാള്‍ഡോയുടെ സീസണ്‍ ആരംഭം കോടതിയില്‍

മാഡ്രിഡ്: സീസണു മുന്നോടിയായി റയല്‍ മാഡ്രിഡ് ടീമിന്റെ പരിശീലന മത്സരങ്ങളില്‍ നിന്നും വിട്ടു നിന്ന് അവധി ആഘോഷിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് കോടതി നടപടികള്‍. ലക്ഷക്കണക്കിന് ഡോളര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തിങ്കളാഴ്ച മാഡ്രിഡ് കോടതിയില്‍ ഹാജരാവാനാണ് റൊണാള്‍ഡോയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരമായ 32കാരന്‍ റൊണാള്‍ഡോ 110.83 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മാഡ്രിഡിലെ പൊസുവേലോ ഡി അലാര്‍കന്‍ കോടതിയിലാണ് കേസ്. കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ താരം മെസ്സിയെ സമാന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തുക താരതമ്യേന ചെറുതായിരുന്നു.

2010ല്‍ കമ്പനി ഘടനയുണ്ടാക്കി നികുതി അടക്കുന്നതില്‍ നിന്നും റൊണാള്‍ഡോ വെട്ടിപ്പ് നടത്തിയതായി മാഡ്രിഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചിരുന്നു. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലും അയര്‍ലന്‍ഡിലും പാവ കമ്പനികള്‍ ഉപയോഗിച്ചു കൊണ്ട് നികുതി അടവില്‍ നിന്നും റൊണാള്‍ഡോ രക്ഷപ്പെടാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതിനു പുറമെ 2011-2014 സീസണില്‍ സ്‌പെയിനുമായി ബന്ധപ്പെട്ട് 324.2 കോടി രൂപ സമ്പാദിച്ചപ്പോള്‍ 86.7 കോടി രൂപമാത്രമാണ് വെളിപ്പെടുത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു.

ഇതിനു പുറമെ 2015-2020 വരെ തന്റെ പേരും വ്യക്തിപരമായ മറ്റു നേട്ടങ്ങളും സ്പാനിഷ് കമ്പനിക്ക് നല്‍കിയ വകയില്‍ ലഭിച്ച 324 കോടി രൂപ റൊണാള്‍ഡോ വെളിപ്പെടുത്തിയിട്ടില്ലെന്നും നികുതി വകുപ്പ് പറയുന്നു. അതേ സമയം താന്‍ യാതൊരു അപാകതയും കാണിച്ചിട്ടില്ലെന്നാണ് റൊണാള്‍ഡോയുടെ വാദം. വിവാദങ്ങളെ തുടര്‍ന്ന് റൊണാള്‍ഡോ റയല്‍ വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ക്ലബ്ബില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നികുതി വെട്ടിപ്പില്‍ ലയണല്‍ മെസിക്ക് 21 മാസത്തെ ജയില്‍ വാസവും 15.75 കോടി രൂപ പിഴയും വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ജയില്‍ വാസം ഒഴിവാക്കാനായി ഒരു ദിവസത്തിന് 400 യൂറോ എന്ന തോതില്‍ പിഴ ഈടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

chandrika: