സിപിഒ റാങ്ക് ജേതാക്കളുടെ മാസങ്ങൾ നീണ്ട സമരം ഫലം കണ്ടില്ല. പിഎസ്സിയുടെ 2019 സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്നവസാനിക്കും. റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതോടെ ഇനി എന്തെന്ന ചോദ്യത്തിൽ വഴിമുട്ടി നിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ. 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇതുവരെ നിയമനം ലഭിച്ചത് വെറും 4436 ഉദ്യോഗാർത്ഥികൾക്കാണ്.
റാങ്ക് ലിസ്റ്റിലുണ്ടായിട്ടും 68 ശതമാനം ഉദ്യോഗാർത്ഥികൾക്കും ഇതുവരെ നിയമന ശിപാർശ ലഭിച്ചില്ല. റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് കഴിയുന്നതോടെ ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയാണ് അസ്തമിക്കുന്നത്. പുല്ലുതിന്നും മുട്ടിൽ ഇഴഞ്ഞും തല മുണ്ഡനം ചെയ്തും പ്രതീകാത്മക ശവസംസ്‌കാരം നടത്തിയും ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തു. നിരാഹാരം കിടന്നിട്ടും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. സെക്രട്ടറിയറ്റിന് മുന്നിലെ റോഡ് ഉപരോധം സംഘർഷത്തിനും വഴി വെച്ചിരുന്നു.
തങ്ങളെയും കുടുംബത്തെയും വഞ്ചിക്കുകയാണ് സർക്കാർ ചെയ്തത് എന്നും മുഖ്യമന്ത്രി ഇതിൽ മറുപടി പറയണമെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന നിലപാടിലാണ് പി എസ് സി.
സമരത്തിനിടെ രണ്ടുപേർ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി. ആവശ്യങ്ങൾ ന്യായമാണെന്നും സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ആയിരുന്നു പൊലീസ് മേധാവിയുടെ മറുപടി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൂറുകണക്കിന് നിവേദനങ്ങളാണ് ഉദ്യോഗാർത്ഥികൾ നൽകിയത്. റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ മറ്റു സമരപരിപാടികളെ കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.