X

രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണം: വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രഞ്ജിത്തിനെതിരെ ബംഗാളി നടി ഉന്നയിച്ചത് ഗുരുതരമായ ആരോപണമാണ്. രഞ്ജിത് തന്റെ സുഹൃത്ത് ആണ്. പക്ഷേ അദ്ദേഹം ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സതീശൻ പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നു കൊണ്ട് മന്ത്രി സജി ചെറിയാൻ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു. റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവച്ചതിന് പുറമേ കൃത്രിമത്വം നടത്തിയാണ് മന്ത്രി ഇതു പുറത്ത് വിട്ടിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാൻ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ല. രാജിവച്ച് പുറത്തു പോകണം എന്നതു തന്നെയാണ് പ്രതിപക്ഷ നിലപാടെന്നും സതീശൻ പറഞ്ഞു.

വേട്ടക്കാർക്കൊപ്പം നിൽക്കുന്ന സർക്കാർ, ഇരകൾക്ക് പരാതിയുണ്ടെങ്കിൽ മാത്രം കേസെടുക്കുകയുള്ളൂ എന്നാണ് പറയുന്നത്. സർക്കാർ കേസന്വേഷിക്കാൻ തയാറാകണം. ഒരു വനിതാ ഐപിഎസ് ഓഫിസറുടെ നേതൃത്വത്തിൽ ആകണം അന്വേഷണ സംഘത്തെ രൂപീകരിക്കേണ്ടത്. ലൈംഗിക ചൂഷണം സംബന്ധിച്ച് ഇരകളുടെ മൊഴിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെയാണ് നടന്നിരിക്കുന്നത്. സ്ത്രീകൾക്കെതിരെ അതിക്രമം നടന്നാൽ, അത് ഒളിച്ചു വച്ചാൽ ബിഎൻഎസ് പ്രകാരം നടപടി വേണമെന്നിരിക്കെ, സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സതീശൻ ആരോപിച്ചു.

സിനിമാ ലോകത്ത് മുഴുവൻ മോശം വ്യക്തികളാണെന്ന അഭിപ്രായം തങ്ങൾക്കില്ല. എന്നാൽ ചില വേട്ടക്കാർ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ്. സർക്കാർ ഇവർക്ക് മുൻപിൽ വഴങ്ങുന്നു. സിനിമാ കോൺക്ലേവ് എന്ന നാടകം കേരളത്തിൽ വേണ്ട. റിപ്പോർട്ട് അമ്മ സംഘടനയ്ക്കെതിരെ അല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

 

webdesk14: