ചാനലുകളിലെ കൗണ്‍സിലിംഗ് പരിപാടികള്‍ക്കെതിരെ പ്രതികരിച്ച് നടി രഞ്ജിനി. കുടുംബവഴക്കുകള്‍ പരസ്യപ്പെടുത്തി ആളുകളെ അപമാനിക്കുന്ന ഇത്തരം പരിപാടികള്‍ നല്ലതല്ലെന്നും രഞ്ജിനി പറയുന്നു.
മലയാളത്തിലും തമിഴിലുമായി നിരവധി ചാനലുകളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ നടക്കുന്നുണ്ട്. അവതാരകരാകട്ടെ മുന്‍കാല നടിമാരുമായിരിക്കും. എന്നാല്‍ പല നടിമാരും കുടുംബപരമായ പ്രശ്‌നങ്ങള്‍ക്ക് ഉപദേശം നല്‍കാനും കൗണ്‍സിലിംഗ് നല്‍കാനും യോഗ്യരല്ലെന്നാണ് രഞ്ജിനി വിമര്‍ശിക്കുന്നത്. നടി ഖുഷ്ബു അവതരിപ്പിക്കുന്ന തമിഴ് പരിപാടിയായ നിജങ്കളിലിനെ വിമര്‍ശിച്ചാണ് രഞ്ജിനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. പരിപാടിക്കിടെ പരാതിക്കാരന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ബഹളം വെക്കുന്ന ഖുഷ്ബുവിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. ഇത് കൗണ്‍സിലിംഗ് അല്ലെന്നും ഭീഷണിയും ആക്രമണവും ലിംഗവിവേചനവും അധിക്ഷേപവുമാണെന്നാണ് രഞ്ജിനി പറയുന്നത്. ആളുകള്‍ പരിഹാസ്യരാകുകയല്ല വേണ്ടത്. കോടതിയില്‍ പോകുക അല്ലെങ്കില്‍ കൗണ്‍സിലിംഗ് സംഘടനകളെ സമീപിക്കുകയുമാണ് ചെയ്യേണ്ടതെന്നും രഞ്ജിനി പറയുന്നു. ഈ സംഭവം കേസാകുന്നതിന് മുമ്പ് ഖുഷ്ബു ക്ഷമ പറയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രഞ്ജിനി പറഞ്ഞു.
കൈരളി ചാനലിലെ ജീവിതം സാക്ഷി എന്ന പരിപാടി അവതരിപ്പിക്കുന്ന നടി ഉര്‍വ്വശിക്കെതിരെയും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഉര്‍വ്വശിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു.