X
    Categories: More

രഞ്ജി ട്രോഫി ക്രിക്കറ്റ്: ഗംഭീര്‍ പുറത്ത്, ഡല്‍ഹി തിരിച്ചടിക്കുന്നു

വയനാട്: കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ഡല്‍ഹിയും രാജസ്ഥാനും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം പുരോഗമിക്കുന്നു. ദേശീയ ടീമിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന ശിഖര്‍ ധവാനും ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ പൊരുതുന്ന ഗൗതം ഗംഭീറും നിരാശപ്പെടുത്തി. രാജസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ്‌ സ്‌കോറായ 238ന് മറുപടിയായി ബാറ്റിങ്ങിറങ്ങിയ ഡല്‍ഹിക്ക് തുടക്കം പിഴക്കുകയായിരുന്നു. ഗംഭീറും ധവാനുമായിരുന്നു ഡല്‍ഹിക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഗംഭീറിന് 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

46 പന്ത് നേരിട്ട ഗംഭീര്‍ ഒരു ബൗണ്ടറി സഹിതമാണ് 10 റണ്‍സ് നേടിയത്. എ.വി ചൗധരിയുടെ പന്തില്‍ ഗംഭീര്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ ധവാന്‍ അല്‍പം പിടിച്ചുനിന്നെങ്കിലും 38 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 51 പന്തുകള്‍ നേരിട്ട ധവാന്‍ എട്ട് ബൗണ്ടറികളുടെ അകമ്പിടിയോടെയായിരുന്നു ഇന്നിങ്‌സ്.

പങ്കജ് സിങ്ങിന്റെ പന്തിലാണ് ധവാന്‍ മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി മൂന്നിന് 135 എന്ന നിലയിലാണ്. ഋഷബ് പന്തും ഉന്മുക്ത് ചന്ദുമാണ് ക്രീസില്‍. ഫോമിലായാല്‍ മാത്രമാണ് ഇരുവര്‍ക്കും ദേശീയ ടീമില്‍ അവസരം ലഭിക്കുക. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഗംഭീര്‍ അംഗമാണെങ്കിലും ലോകേഷ് രാഹുലിന്റെ മടങ്ങിവരവ് ഗംഭീറിന്റെ സ്ഥാനം തെറിപ്പിച്ചു. എന്നാല്‍ വിശാഖപ്പട്ടണം ടെസ്റ്റില്‍ രാഹുലിന് തിളങ്ങാനായിരുന്നില്ല.  മൊഹാലിയിലാണ് അടുത്ത മത്സരം. പരിക്ക് കാരണമാണ് ധവാന്‍ ടീമില്‍ നിന്ന് പുറത്തായത്.

chandrika: