ന്യൂഡല്‍ഹി: അസം അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന പ്രചരണത്തില്‍ പ്രതികരണവുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രംഗത്ത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്ന് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഇന്ത്യാ ടുഡേയോട് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് രഞ്ജന്‍ ഗൊഗോയുടെ പ്രതികരണം.
‘ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയക്കാരനാകാനുള്ള ആഗ്രഹമോ അഭിലാഷമോ ഇല്ല. അത്തരത്തിലുള്ള സാധ്യത ആരും എന്നോട് പറഞ്ഞിട്ടില്ല’, രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം രാജ്യസഭാ അംഗത്വം സ്വീകരിച്ചത് രാഷ്ട്രീയത്തിലേക്കുള്ള ഔപചാരിക പ്രവേശനത്തിന്റെ ഭാഗമായല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അംഗവും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗവും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകാത്തത് നിര്‍ഭാഗ്യകരമാണ്. ബോധപൂര്‍വ്വമാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. കാരണം, എന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ എനിക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ എന്റെ കാഴ്ചപ്പാടുകള്‍ സംപ്രേഷണം അവസരം നല്‍കുന്നു. ഇത് എന്നെ ഒരു രാഷ്ട്രീയക്കാരനാക്കുന്നുണ്ടോ?’, രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ആണ് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. ബിജെപിയുടെ നോമിനിയായി രാജ്യസഭാംഗത്വം സ്വീകരിക്കാമെങ്കില്‍ അദ്ദേഹത്തിന് ബിജെപി മുഖ്യമന്ത്രിയാവുന്നതിന് തടസ്സമുണ്ടാവില്ലെന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തി വിശാല സഖ്യം രൂപീകരിക്കുമെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. എഐയുഡിഎഫ്, ഇടത് പാര്‍ട്ടികള്‍, അസം ഗണപരിഷത് തുടങ്ങിയ മുഴുവന്‍ പാര്‍ട്ടികളേയും ബിജെപിക്കെതിരെ അണിനിരത്തും. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള മുഴുവന്‍ പാര്‍ട്ടികളേയും മുന്നണിയില്‍ ചേര്‍ക്കുമെന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞു.
2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. അസം ഗണപരിഷത്, ബിപിഎഫ് എന്നീ പാര്‍ട്ടികളുടേയും ഒരു സ്വതന്ത്ര എംഎല്‍എയുടേയും പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.