X
    Categories: indiaNews

ബിഹാറില്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; ആറ് സമിതികള്‍ക്ക് രൂപംനല്‍കി സോണിയ; ഏകോപന ചുമതല സുര്‍ജേവാലക്ക്

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം അടുത്തിരിക്കെ മത്സരിക്കുന്ന സീറ്റുകള്‍ തൂത്തുവാരാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. ഒക്ടോബര്‍ 28 നടക്കുന്ന ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ ആറ് തെരഞ്ഞെടുപ്പ് സമിതകള്‍ക്ക് ഇന്ന് രൂപം നല്‍കി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഏകോപന സമിതിക്ക് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് നേതൃത്വം നല്‍കുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

14 അംഗ ഇലക്ഷന്‍ മാനോജ്മെന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറായി മോഹന്‍ പ്രകാശിനെ നിയമിച്ചു. മുതിര്‍ന്ന നേതാക്കളായ മീരാ കുമാര്‍, താരിഖ് അന്‍വര്‍, ശത്രുഘ്നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപം എന്നിവരാണ് പാനലില്‍ ഉള്‍പ്പെടുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പിനായി പബ്ലിസിറ്റി കമ്മിറ്റി, മീഡിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, പബ്ലിക് മീറ്റിംഗ് ആന്‍ഡ് ലോജിസ്റ്റിക് കമ്മിറ്റി, ലീഗല്‍ കമ്മിറ്റി, ഓഫീസ് മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ രൂപീകരിക്കുന്നതിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതായി പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബിഹാര്‍ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ താരപ്രചാരകരുടെ ലിസ്റ്റ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. രാജസ്ഥാനിലെ കരുത്തുറ്റ നേതാവ് സച്ചിന്‍ പൈലറ്റിനെയും മുന്‍നിര്‍ത്തിയാണ് 30 അംഗ താരപ്രചാരക പട്ടികയിലൂടെ കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ചിരിക്കയാണ്്. എന്‍ഡിഎയിലെ ഭിന്നിപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്‍ ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്‍ഗ്രസ് ശക്തി പകരുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, രാജസ്ഥാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവരടങ്ങിയ 30 പേരുടെ താരപ്രചാരക പട്ടിക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ് ദേശീയ വ്യക്താവ് രണ്‍ദീപ് സുര്‍ജേവാല, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ എന്നിവര്‍ക്ക് പുറമെ പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹയടക്കം പ്രമുഖര്‍ അടങ്ങിയതാണ് 30 അംഗ ലിസ്റ്റ്.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ 70 സീറ്റുകളിലാണ് മഹാസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുന്നത്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

 

chandrika: