X

ഇഫ്താര്‍ വിരുന്നിന് പ്രണബിനെ വിളിച്ചില്ലെന്ന് ആരോപണം: പ്രതികരിച്ച് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്.

രാഹുല്‍ഗാന്ധി നേരിട്ട് അദ്ദേഹത്തെ ക്ഷണിക്കുകയും പ്രണബ് മുഖര്‍ജി ക്ഷണം സ്വീകരിക്കുകയും ചെയ്തതായി സുര്‍ജെവാല പറഞ്ഞു. അനാവശ്യ വിവാദമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പ്രണബിനെ ക്ഷണിച്ചില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പ്രണബ് പാര്‍ട്ടി എതിര്‍പ്പ് അവഗണിച്ച് നാഗ്പൂരില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ഗാന്ധി നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ അദ്ദേഹത്തെ ഒഴിവാക്കിയതായി വാര്‍ത്ത പുറത്തുവന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും ക്ഷണിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ സ്വന്തം രാഷ്ട്രീയ താല്‍പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സുര്‍ജെവാല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ഗാന്ധി നടത്തുന്ന ആദ്യ ഇഫ്താര്‍ സംഗമമാണിത്.

chandrika: